തീർഥാടകർക്ക് സുരക്ഷയൊരുക്കാൻ സജ്ജരായി പോലീസ് സേന ; സന്നിധാനത്ത് സജ്ജരായി 1590 പേരടങ്ങുന്ന പോലീസ് സംഘം


ശബരിമല :- സന്നിധാനത്തേക്കുള്ള തീർഥാടകർക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിൽ സജ്ജരായി പോലീസ് സേന. ഏത് വെല്ലുവിളികളെയും നേരിടാൻ സജ്ജമാണ് സന്നിധാനത്തെ സേന. 1,590 പേരടങ്ങുന്ന സംഘമാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്. തീർഥാടകർക്ക് സുഖദർശന മൊരുക്കാൻ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേരെയാണ് ഇത്തവണ നിയോഗിച്ചത്. പതിനെട്ടാം പടിയിലെ നിയന്ത്രണമാണ് തിരക്ക് കൈകാര്യം ചെയ്യുന്നതിൽ പ്രധാനം. 

മറ്റുള്ളിടത്ത് പോലീസ് മൂന്ന് ടേണുകളായി ജോലി ചെയ്യുമ്പോൾ പതിനെട്ടാം പടിയിൽ എ, ബി, സി, ഡി എന്നിങ്ങനെ നാല് ടേണുകളാണ്. ഒരേ സമയം 15 പോലീസുകാരാണ് ഇരുവശത്തുമായി ഡ്യൂട്ടിയിലുണ്ടാവുക. 15 മിനിറ്റുവീതം എ, ബി, സി, ഡിക്കാർ (ആകെ 60 പേർ) മാറി വരും. ഒരു മണിക്കൂർ കഴിയുന്നതോടെ 60 പോലീസുകാരും മാറി അടുത്ത ബാച്ച് വരും. ഒരു മിനിറ്റിൽ ശരാശരി 80 പേരെ പടികടത്താൻ കഴിയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞുങ്ങൾ എന്നിവരെ സഹായിക്കുമ്പോൾ ഈ സമയക്രമം തെറ്റും.

Previous Post Next Post