കണ്ണൂർ :- കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി 'അക്ഷരം ആരോഗ്യം' പദ്ധതിയുമായി ആരോഗ്യവകുപ്പ്. യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് സമഗ്ര സ്കൂൾ ആരോഗ്യ പരിപാടിക്ക് തുടക്കമിടുന്നത്. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുക. ഒന്നു മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികൾക്ക് പ്രായാനുസൃതമായ ശാരീരിക, മാനസിക ആരോഗ്യ അറിവുകൾ നൽകും. നല്ല ആരോഗ്യശീലങ്ങൾ കുട്ടികളിൽ നിന്ന് തുടങ്ങുക എന്നതാണ് ആശയം. അമിത രക്തസമ്മർദം, കൊളസ്ട്രോൾ വ്യതിയാനങ്ങൾ, അമിതവണ്ണം, പ്രമേഹം എന്നിവ സ്കൂൾ കുട്ടികളിൽ വരെ കൂടിവരുന്ന സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ളതാണ് പദ്ധതി.
സംസ്ഥാനത്ത് നാലു ശതമാനം കുട്ടികളിൽ അമിതഭാരം ഉണ്ടെന്നായിരുന്നു അഞ്ചാം ദേശീയ കുടുംബരോഗ്യ സർവേ കണ്ടെത്തിയത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. യൗവ്വനത്തിൽ തന്നെ പകർച്ച ഇതര രോഗങ്ങളുടെ പിടിയിലാവുന്നതിന് പ്രധാന കാരണം ഇതാണ്. 19 ശതമാനത്തിലധികം കുട്ടികളിൽ പ്രായത്തിനൊത്ത ശരീരഭാരം ഇല്ലെന്ന കണ്ടെത്തൽ ഭക്ഷണശീലങ്ങളിലെ പിഴവുകളിലേക്കാണ് വിരൽചൂണ്ടുന്നത്. ആരോഗ്യപ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, വിളർച്ച, ശാരീരിക-മാനസിക വെല്ലുവിളികൾ എന്നിവ വൈദ്യപരിശോധനകളിലൂടെ കണ്ടെത്തി ചികിത്സയും ഉറപ്പാക്കും.
കൗമാരപ്രായക്കാരിൽ ആർത്തവ ശുചിത്വത്തെ സംബന്ധിച്ച് അവബോധം നൽകുന്നതിന് അധ്യാപകരെ ഹെൽത്ത് മെന്റർമാരാക്കും. 500 കുട്ടികൾക്ക് ഒരു അധ്യാപിക/ അധ്യാപകൻ മെന്ററാകും. 250 കുട്ടികൾക്ക് ഒരു വിദ്യാർഥി സ്കൂൾ ഹെൽത്ത് അംബാസഡർ ആകും. ക്ലാസ് ലീഡർ ഹെൽത്ത് മെസഞ്ചർ ആയി പ്രവർത്തിക്കും. ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ് ഉണ്ടാകും. പ്രഥമശുശ്രൂഷ പരിശീലനവും നൽകും.
