തിരുവാഭരണങ്ങളും ആടയാഭരണങ്ങളും മിനുക്കി, പാടിയിൽ പണിക്ക് ഇന്ന് തുടക്കം ; കുന്നത്തൂർ പാടിയിൽ തിരുവപ്പന ഉത്സവം ഡിസംബർ 17 മുതൽ


ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ഡിസംബർ 17 മുതൽ ജനുവരി 16 വരെ നടക്കും. ഇതിനു മുന്നോടിയായി വനമേഖലയിലെ ദേവസ്ഥാനത്ത് താത്കാലിക മടപ്പുരയും അടിയന്തരക്കാരുടെ പന്തലുകളും ഒരുക്കുന്ന പ്രവൃത്തിയായ പാടിയിൽ പണി ബുധനാഴ്ച തുടങ്ങും. എള്ളരിഞ്ഞിയിലെ പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാരുടെ വീട്ടിൽ തിരുവാഭരണങ്ങളും ആടയാഭരണങ്ങളും മിനുക്കൽ നടത്തി. 16-ന് തിരുവാഭരണങ്ങൾ എള്ളരഞ്ഞിയിൽ നിന്ന് കുന്നത്തൂർ പാടി താഴെ പൊടിക്കളത്ത് എത്തിക്കും.

17-ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജാചടങ്ങുകൾ നടക്കും. സന്ധ്യയോടെ പാടിയിൽ പ്രവേശിക്കൽ ചടങ്ങ് തുടങ്ങും. താഴെ പൊടിക്കളത്തു നിന്ന് അടിയാന്മാർ കരക്കാട്ടിടം വാണവരെയും ചന്തനെയും കോമരത്തെയും കോലധാരി കളെയും വാദ്യക്കാരെയും ചൂട്ടും ഭണ്ഡാരവുമായി വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാടിയിലേക്ക് കയറും.

ആദ്യദിനം രാത്രി 10 മുതൽ മുത്തപ്പൻ്റെ ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിങ്ങനെ നാല് തെയ്യങ്ങളാണ് കെട്ടിയാടുക. പുലർച്ചെയോടെ മുത്തപ്പൻ്റെ അമ്മയായ മൂലംപെ റ്റ ഭഗവതിയെയും കെട്ടിയാടും. മറ്റ് ദിവസങ്ങളിൽ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ഉത്സവനാളുകളിൽ ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്ത് അന്നദാനമുണ്ട്.

Previous Post Next Post