ശബരിമല :- മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ബുധനാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 66,522 പേരാണ് ദർശനം നടത്തിയത്. തീർഥാടനം ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ തന്നെ പത്ത് ലക്ഷം പേർ ദർശനം നടത്തി. പിന്നീടുള്ള ആറ് ദിവസത്തിനകം അഞ്ച് ലക്ഷം തീർഥാടകർ മലചവിട്ടി. സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്.
നിലവിൽ ശരാശരി 8,500 സ്പോട്ട് ബുക്കിങ് നൽകുന്നുണ്ട്. കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാൽ അധികനേരം കാത്തു നിൽക്കാതെ തന്നെ എല്ലാവർക്കും ദർശനം ഉറപ്പാക്കാനാകുന്നു. തീർഥാടക തിരക്ക് കൂടുന്ന ദിവസങ്ങളിൽ 20 മിനിറ്റോളം ദർശനസമയം വർധിപ്പിക്കുന്നുമുണ്ട്. ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴ തീർഥാടകരുടെ വരവിനെ ബാധിച്ചു. ബുധൻ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു സന്നിധാനത്ത്. ഇടയ്ക്കിടെയെത്തിയ ചാറ്റൽ മഴയുമുണ്ടായിരുന്നു.
