മലപ്പുറം :- അടുത്ത വർഷത്തെ ഹജ് തീർഥാടനത്തിനുള്ള ബുക്കിങ് നടപടികൾ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിർദേശിച്ചതു പ്രകാരം ജനുവരി 15നകം പൂർത്തിയാക്കണമെന്ന് ഇന്ത്യൻ ഹജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ അഭ്യർഥിച്ചു. ഈ മാസം 15നകം ഹജ് സേവനങ്ങൾക്കാവശ്യമായ തുക ഗ്രൂപ്പുകൾ കേന്ദ്ര സർക്കാരിലേക്ക് അയയ്ക്കണം. കഴിഞ്ഞമാസം 10നു കേന്ദ്രമന്ത്രി കിരൺ റിജിജു സൗദിയുമായി ഔദ്യോഗിക ഹജ് കരാറിൽ ഒപ്പുവച്ചിരുന്നു. 2026 ഫെബ്രുവരി ഒന്നിനകം മുഴുവൻ സേവന കരാറുകളും പൂർത്തീകരിക്കണമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നിന്നു വിഭിന്നമായി സൗദി ഹജ് മന്ത്രാലയം മെഡിക്കൽ ഫിറ്റ്നസുമായി ബന്ധപ്പെട്ടു കർശന നിർദേശങ്ങളടങ്ങിയ സർക്കുലറും പുറത്തിറക്കിയിരുന്നു. ബുക്കിങ് ചെയ്യുമ്പോൾ 2026 ഹജ്ജിനുള്ള അംഗീകൃത ലൈസൻസ്, അനുവദിക്കപ്പെട്ട നിശ്ചിത ക്വോട്ട എണ്ണം എന്നിവ ഹാജിമാർ അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ കേന്ദ്ര ഹജ് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ലൈസൻസ് ലഭിച്ച ഗ്രൂപ്പ് പട്ടിക ഹജ് മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
