തിരുവനന്തപുരം :- തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പശ്ചാത്തലമാക്കി തയാറാക്കിയ പ്രചാരണ പോസ്‌റ്ററുകൾ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിൻ്റെ പരിധിയിൽ വരുന്നതിനാൽ അവ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ കലക്‌ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം പോസ്റ്ററുകളും ലഘുലേഖകളും അച്ചടിച്ചാൽ അത് ആര് അച്ചടിച്ചെന്നു വ്യക്തമാക്കണം.
ഇങ്ങനെ വ്യക്തമാക്കാതെയും മതപരമായ ചിഹ്‌നങ്ങൾ ഉപയോഗിച്ചുമുള്ള ലഘുലേഖകൾ പ്രചരിക്കുന്നുണ്ടെന്ന പരാതികളെ തുടർന്നാണു നടപടി. ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളിൽ കർശനനിലപാട് സ്വീകരിക്കാൻ കമ്മിഷൻ നിർദേശം നൽകി. ഡിജിറ്റൽ ലിങ്കുകൾ ഉൾപ്പെടുന്ന പരാതികൾ ലഭിക്കുന്ന മുറയ്ക്ക് വേഗത്തിൽ നടപടിയെടുക്കാൻ പൊലീസ് സൈബർ ഓപ്പറേഷൻസിനു നിർദേശം നൽകി.
