രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി 20 ലക്ഷം ചെലവിൽ നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം ; മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്‌ടറോട് റിപ്പോർട്ട് തേടി


പത്തനംതിട്ട :- രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്‌ടറോട് റിപ്പോർട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. ഹെലിപ്പാഡ് നിർമ്മാണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി റവന്യൂ വകുപ്പ് മന്ത്രി എന്നിവർക്കാണ് പരാതി നൽകിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമ്മിച്ചതിന് 20.7 ലക്ഷം രൂപയാണ് ചെലവായത്. പത്തനംതിട്ട പ്രമാടത്ത് രാഷ്ട്രപതിയുടെ  ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡ് നിർമിക്കാൻ ചെലവായത് 20 ലക്ഷം രൂപയാണ്. 

ഹെലിപ്പാഡിലെ കോൺക്രീറ്റിൽ കോപ്റ്റർ താഴ്ന്നതോടെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കിയത്. ഒക്ടോബർ 22ന് ശബരിമല സന്ദർശനത്തിനാണ് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കുന്നത് നിലയ്ക്കലിൽ നിന്ന് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ 21ന് രാത്രിയാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് ഹെലിപാഡുകൾ നിർമ്മിച്ചത്. കോൺക്രീറ്റ് കുഴച്ചിട്ടു എന്നല്ലാതെ കൃത്യമായ നിർമ്മാണ രീതി ആയിരുന്നില്ല. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. റഷീദ് ആനപ്പാറ എന്ന പൊതുപ്രവർത്തകനാണ് വിവരം ശേഖരിച്ചത്. ബില്ല് പാസായിട്ടില്ല എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.

Previous Post Next Post