പണം നൽകാത്തതിന് ക്രൂരകൊലപാതകം ; ചവറയിൽ 26 കാരനായ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി


കൊല്ലം :- കൊല്ലം ചവറയിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി. 26കാരനായ മുഹമ്മദ് ഷഹനാസാണ് 63 വയസുള്ള സുലേഖ ബീവിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ചത്. കൊലപാതക ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെയാണ് ചവറയിലെ വട്ടത്തറയെന്ന ഗ്രാമത്തെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. 63കാരിയായ സുലേഖ ബീവിയെ ചെറുമകനായ മുഹമ്മദ് ഷഹനാസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തിൽ ഷാൾ മുറുക്കിയാണ് 26കാരനായ പ്രതി മുത്തശ്ശിയുടെ ജീവനെടുത്തത്.

പകൽ സമയത്ത് ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന ഷഹനാസിന്റെ അമ്മ വൈകിട്ട് മടങ്ങിയെത്തിയപ്പോൾ സുലേഖ ബീവിയെ കണ്ടില്ല. വീട്ടിനുള്ളിൽ പരിശോധിപ്പോഴാണ് കട്ടിലിനടിൽ മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ഷഹനാസ് രക്ഷപെടാൻ ശ്രമിച്ചു. പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കാലിന്റെ പകുതി ഭാഗം വരെ ചാക്കിൽ കയറ്റിയ നിലയിലാണ് കട്ടിലിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയാണ് ഷഹനാസെന്ന് നാട്ടുകാർ പറയുന്നു. മോഷണം, ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷഹനാസെന്ന് ചവറ പൊലീസ് വ്യക്തമാക്കി. സമീപവാസിയെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നു. ഷഹനാസിന്റെ അമ്മ ഇന്നലെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമം നടത്തി. പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

Previous Post Next Post