ന്യൂഡൽഹി :- മോശം പെരുമാറ്റത്തിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരനെ ജോലിയിൽ നിന്നു പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് 3 പതിറ്റാണ്ടിനു ശേഷം സുപ്രീംകോടതി വിധിച്ചു. പിരിച്ചുവിടുന്നതിനു കാരണമായി പറഞ്ഞ മോശം പെരുമാറ്റം തെളിയിക്കാൻ തൊഴിലുടമയ്ക്കു കഴിഞ്ഞില്ലെന്നു നിരീക്ഷിച്ച കോടതി വേതനക്കുടിശിക ഭാഗികമായി നൽകാനും വിധിച്ചു. പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ ജീവിച്ചിരിപ്പില്ലാത്തതിനാൽ തുക കുടുംബത്തിനാണ് നൽകേണ്ടത്.
പിരിച്ചുവിടൽ നടപടി തുടക്കത്തിൽ തന്നെ ചോദ്യം ചെയ്തില്ലെന്ന കാരണം പറഞ്ഞ് ശമ്പള കുടിശിക നൽകാനുള്ള ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ തൊഴിലുടമയ്ക്കു കഴിയില്ലെന്നു ജഡ്ജിമാകരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഐടിഡിസിയുടെ രാജസ്ഥാൻ വിഭാഗത്തിൽ, 1978-ൽ റൂം അറ്റൻഡായി ജോലിയിൽ പ്രവേശിച്ച ദിനേശ് ചന്ദ്ര ശർമയുടേതാണ് കേസ്. 1991-ൽ മോശം പെരുമാറ്റത്തെ തുടർന്നു പിരിച്ചുവിടുകയായിരുന്നു.
