ശ്രീകണ്ഠപുരം :- ശ്രീകണ്ഠപുരം മേഖലയിൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും മഞ്ഞപ്പിത്തം പടരുന്നത് ആശങ്കയുണ്ടാക്കുന്നു. ശ്രീകണ്ഠപുരം നഗരസഭയിലും ചെങ്ങളായി പഞ്ചായത്തിലുമായി 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച മുതലാണ് വിദ്യാർഥികൾക്ക് ക്ഷീണം അനുഭവപെട്ടത്. തുടർന്ന് ആസ്പത്രിയിലെത്തിച്ചപ്പോഴാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. സ്കൂളിലെ വെള്ളത്തിൽ നിന്നല്ല മഞ്ഞപ്പിത്തം പടർന്നതെന്നും നഗരത്തിലെ കടകളിൽ നിന്ന് വെള്ളം കുടിച്ചവർക്കാണ് ഇത് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.മോഹനൻ പറയുന്നത്. വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനായി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു.
ലക്ഷണങ്ങൾ
ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. പിന്നീട് ബിലിറുബിന്റെ അളവ് കൂടുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെട്ടുകയും ചെയ്യും. ഇതോടൊപ്പം ഛർദി, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടും. മഞ്ഞപ്പിത്തത്തിന്റെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗബാധിതർ ആയിട്ടുള്ളവർ പ്രത്യേക ശൗചാലയം, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുകയും കൃത്യമായ വ്യക്തി ശുചിത്വം പാലിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറി നേഷൻ ചെയ്യുക തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക. വ്യവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഐസ് ഉപയോഗിച്ച് മറ്റു പാനീയങ്ങൾ ഉണ്ടാക്കരുത്. തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം തണുപ്പിക്കാനായി ഫ്രിഡ്ജിൽ വെക്കുക.
