പത്തനംതിട്ട :- മണ്ഡലകാലത്ത് ശബരിമലയ്ക്കുള്ള തീർഥാടകരുടെ ഒഴുക്കിനൊപ്പം സജീവമായി കാനനപാതകളും. 46,000 ത്തോളം പേരാണ് കാനനപാതകൾ വഴി ഇതുവരെ ദർശനത്തിനെത്തിയത്. സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള 12 കിലോമീറ്റർ പാതയാണ് തീർഥാടർ അധികം തെരഞ്ഞെടുക്കുന്നത്. ചൊവ്വാഴ്ച എത്തിയ 1,615 പേർ ഉൾപ്പെടെ 24,470 പേരാണ് ഇതുവഴി സന്നിധാനത്ത് എത്തിയത്. എരുമേലി കാനനപാത വഴി 11,923 പേരും ദർശനത്തിനെത്തി. ഇതിൽ 1,022 കുട്ടികളാണ്. മലകയറാനെത്തുന്ന കുട്ടികൾക്ക് മധുരം നൽകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ യാത്രയാക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ രാവിലെ വനംവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ വനപാത വഴി കടത്തിവിടുക.
എരുമേലിയിൽ നിന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 5 മണി വരെയും അഴുതക്കടവിൽ നിന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയും മുക്കുഴിയിൽ നിന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം മൂന്ന് വരെയുമാണ് തീർഥാടകർക്ക് പ്രവേശനം. കോയിക്കക്കാവിൽ 11 പേരും കാളകെട്ടിയിൽ അഞ്ച് പേരും ഉൾപ്പെടെ 16 ഉദ്യോഗസ്ഥരെയാണ് വനംവകുപ്പ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് പോലീസുകാരുമുണ്ട്. സത്രം വഴി രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ മാത്രമേ കടത്തിവിടൂ. സത്രത്തിൽ വനം വകുപ്പിൻ്റെ സെക്ഷൻ ഓഫീസുണ്ട്. തുടർന്ന് ഏഴ് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതിനൊപ്പം കുടി വെള്ള സൗകര്യവുമൊരുക്കി. വനംവകുപ്പ് ജീവനക്കാർ, എല ഫന്റ് സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ ആകെ 71 പേരുടെ സേവനം ഈ പാതയിലുണ്ട്.
ഇതിന് പുറമേ അഗ്നിരക്ഷാ സേന, ദുരന്തനിവാരണസേന തുടങ്ങിയവയുടെ സേവനവും അവശ്യഘട്ടങ്ങളിൽ ലഭിക്കും. അവസാനം കയറ്റിവിടുന്ന യാത്രക്കാർക്കൊപ്പം ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനുമുണ്ടാകും. തീർഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി ശക്തമായ ക്രമീകരണമാണ് വനംവകുപ്പിൻ്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കാനന പാതകളിൽ ഒരുക്കിയിരിക്കുന്നത് പ്ലാസ്റ്റിക് തള്ളാതിരിക്കാനുള്ള പരിശോധനയും ശക്തമാണ്.
