തലശ്ശേരി :- കണ്ണൂർ കൊറ്റാളി പുല്ലൂപ്പിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. പഴയ ജല്ലി കമ്പനി കോംപൗണ്ടിൽ അജിത്തിനെ കൊലപ്പെടുത്തുകയും നിസാമുദ്ദീനെ പരുക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലെ ഒന്നാം പ്രതി കൊറ്റാളി ശാദുലി പള്ളിക്കടുത്തെ വി.നിയാസിന്റെ ജാമ്യമാണ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് റദ്ദാക്കിയത്.
2015 ഒക്ടോബർ 19 ന് വൈകുന്നേരം 5.15 നാണ് സംഭവം. സംഭവത്തിൽ പരുക്കേറ്റ നിസാമുദ്ദീനെ ഭീഷണിപ്പെടുത്തിയ തിന് കണ്ണൂർ ടൗൺ പൊലീസ് നിയാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. നിയാസ് മറ്റൊരു കേസിൽ ഉൾപ്പെട്ട് റിമാൻഡിലുമായി. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് കോടതിയിൽ ഹർജി നൽകിയത്. ഇതനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.
