ഹജ്ജിന് കേരളത്തിൽ നിന്നും 78 പേർക്കുകൂടി അവസരം


കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 78 പേർക്കുകൂടി അവസരം. കാത്തിരിപ്പുപട്ടികയിൽ 5251 വരെയുള്ളവരെയാണ് പുതുതായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി എട്ടിനകം ആദ്യഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടയ്ക്കാം.

ഹജ്ജ് അപേക്ഷാഫോമും അനുബന്ധരേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇൻ സ്‌ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോപതിച്ച മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ ജനുവരി 11-നകം ഓൺലൈനായി അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യണം.

Previous Post Next Post