യാത്രാപ്രതിസന്ധിക്ക് പിന്നാലെ പൈലറ്റുമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഇൻഡിഗോ


ന്യൂഡൽഹി :- പൈലറ്റ് ക്ഷാമത്തെത്തുടർന്നുണ്ടായ പ്രതിസന്ധിക്കു പിന്നാലെ ഇൻഡിഗോ പൈലറ്റുമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചു. ജനുവരി 1 മു തൽ പ്രാബല്യത്തിലാകും. ക്യാപ്റ്റൻമാരുടെ ലേ-ഓവർ അലവൻസ് 2000 രൂപയിൽ നിന്ന് 3000 രൂപയായും ഫസ്‌റ്റ് ഓഫിസർമാരുടേത് 1000 രൂപയിൽ നിന്ന് 1500 രൂപയായും ഉയർത്തി. അടുത്ത ഡ്യൂട്ടിക്കായി മറ്റൊരു വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുന്നതിനുള്ള (ഡെഡ് ഹെഡിങ്) അലവൻസ് ക്യാപ്റ്റൻ മാർക്ക് 3000 രൂപയിൽ നിന്ന് 4000 രൂപയായും ഫസ്‌റ്റ് ഓഫിസർമാർക്ക് 500 രൂപ വർധിപ്പിച്ച് 2000 രൂപയായും നിശ്ചയിച്ചു.

സ്വാപ് അലവൻസ് ആദ്യമായി നടപ്പാക്കി. ക്യാപ്റ്റന്മാർക്ക് 1500 രൂപയും ഫസ്റ്റ് ഓഫിസർമാർക്ക് 750 രൂപയുമാണ് ലഭിക്കുക. ക്യാപ്റ്റന്മാർക്ക് രാത്രി അലവൻസ് മണിക്കൂറിന് 2000 രൂപയും ഫസ്‌റ്റ് ഓഫിസർമാർക്ക് 1000 രൂപയുമായിരിക്കും. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കാനായി ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്‌ഡിടിഎൽ) ക്രമീകരണത്തിന്റെ അവസാനഘട്ടം നടപ്പായത് നവംബർ ഒന്നിനാണ്. ഇതു നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്കു തയാറെടുപ്പില്ലാതെ പോയതാണ് ഈ മാസമാദ്യം യാത്രാപ്രതിസന്ധിക്ക് കാരണമായത്.

Previous Post Next Post