അരക്കോടിയിലേറെ രൂപ കുടിശ്ശിക ; മട്ടന്നൂർ വിമാനത്താവളത്തിലെ സ്റ്റാഫ് കാന്റീൻ പൂട്ടിച്ച് കിയാൽ


മട്ടന്നൂർ :- വാടകയിനത്തിൽ നൽകേണ്ട തുകയിൽ അരക്കോടിയിലധികം രൂപ കുടിശികയായതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സ്റ്റാഫ് കാന്റീൻ പൂട്ടിച്ച് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ). കഴിഞ്ഞദിവസം രാത്രി മുതൽ കാന്റീനിലേക്കുള്ള വൈദ്യുതി വിഛേദിക്കുകയും ജലവിതരണം നിർത്തുകയും ചെയ്തതോടെയാണു പൂട്ടേണ്ടിവന്നത്. ഇതോടെ ഇന്നലെ മുതൽ കാന്റീൻ പ്രവർത്തനം മുടങ്ങി. സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂർ ഇന്റർനാഷനൽ എയർപോർട്‌സ് ഏരിയ ലേബർ കോൺട്രാക്‌ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് തുടക്കം മുതൽ കാന്റീൻ നടത്തിപ്പ് കരാറെടുത്തിരുന്നത്. രണ്ടു വർഷത്തോളമായി വാടക കുടിശികയാണ്. മാസം രണ്ടര ലക്ഷത്തോളം രൂപയാണ് വാടക ഇനത്തിൽ കിയാലിനു നൽകേണ്ടത്.

വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വേറെയും നൽകണം. കിയാലിന് ലഭിക്കാനുള്ള തുക 50 ലക്ഷത്തിന് മുകളിലുണ്ട്. തുക അടയ്ക്കാൻ പലതവണ കിയാൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കാന്റീൻ നടത്തിപ്പിന്റെ കാലാവധി കഴിഞ്ഞപ്പോൾ 2 തവണ കിയാൽ ടെൻഡർ വിളിച്ചിരുന്നു. ഒരു തവണ ഇ ടെൻഡറും അടുത്തതു മാനുവൽ ടെൻഡറും ആയിരുന്നു. ടെൻഡർ നടപടി ഉന്നത ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചതാണെന്ന് ആരോപണം ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാന്റീൻ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന അഭ്യർഥനയുമായി നേതാക്കൾ ആവശ്യപ്പെട്ടതായും അറിയുന്നു.

Previous Post Next Post