ശബരിമല :- വെർച്വൽക്യു വഴി ശബരിമലയിലേക്കു വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്നു നിർദേശം. ബുക്ക് ചെയ്ത ദിവസമല്ലാതെ ടോക്കണുമായി വേറെ ദിവസം എത്തുന്നതു തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നതായി സന്നിധാനം സ്പെഷൽ പോലീസ് ഓഫിസർ ആർ.ശ്രീകുമാർ പറഞ്ഞു. അയ്യായിരം കവിയുമ്പോൾ സ്പെഷൽ പൊലീസ് ഓഫിസറുമായി ആലോചിച്ചാണു സ്പെഷൽ കമ്മിഷണർ കൂടുതൽ സ്പോട് ബുക്കിങ് അനുവദിക്കുന്നത്. ശരാശരി 8500 വരെ ഇങ്ങനെ നൽകാറുണ്ട്.
ഇന്നലെ വൈകുന്നേരം 3 മണി വരെ 8800 സ്പോട് ബുക്കിങ് നൽകി. 1590 പൊലീസുകാരാണ് നിലവിൽ സന്നിധാനത്തു മാത്രമുള്ളത്. 18-ാം പടിയിൽ നാല് ടേണുകളായാണു പോലീസ് ഡ്യൂട്ടി. ഒരേ സമയം 15 പൊലീസുകാർ വീതമാണ് പതിനെട്ടാംപടിയുടെ ഇരുവശത്തുമായി ഡ്യൂട്ടിയിൽ ഉണ്ടാവുക. ഒരു മിനിറ്റിൽ ശരാശരി 80 പേരെ പടി കടത്താൻ കഴിയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞു മാളികപ്പുറങ്ങൾ, മണികണ്ഠൻമാർ, ശരീരഭാരം കൂടിയവർ എന്നിവരെ പടി കയറാൻ സഹായിക്കുമ്പോൾ ഈ സമയക്രമം തെറ്റും.
