ശബരിമല :- ശബരിമല സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കി. ഇന്ന് രാത്രി നട അടച്ചാൽ നാളെ പുലർച്ചെ 3ന് നടതുറക്കും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല. സുരക്ഷയുടെ ഭാഗമായി പോലീസ്, കേന്ദ്ര സേനാംഗങ്ങളായ സിആർപിഎഫ്, ആർഎഎഫ്, എൻഡിആർഎഫ്, ഭീകരവിരുദ്ധ സ്ക്വാഡ്, ബോംബ് സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് പൊലീസ് എന്നിവർ സംയുക്തമായി റൂട്ട് മാർച്ച് നടത്തി.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നടയടച്ച ശേഷം വരുന്ന തീർഥാടകരെ നടപ്പന്തലിലെ ക്യൂ വിൽ നിർത്തും. നാളെ പുലർച്ചെ 3ന് നട തുറന്ന ശേഷം മാത്രമേ പതിനെട്ടാംപടി കയറാൻ അനുവദിക്കൂ. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം 2 ദിവസത്തേക്കു നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് വഴി തിരുമുറ്റത്തേക്കു കടക്കാൻ അനുവദിക്കില്ല. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും
.jpg)