കണ്ണൂർ:-മണ്ണിന്റെ താളം നെഞ്ചിലേറ്റിയ ചുവടുകളാലും പ്രകൃതിയെ അനുകരിക്കുന്ന ചലനങ്ങളോടൊപ്പം തുടി താളത്തിന്റെ അകമ്പടിയോടെ സർഗോത്സവം കലാമേളയിൽ വിദ്യാർഥികൾ നിറഞ്ഞാടി. ഗോത്രജീവിതത്തിന്റെ ലാളിത്യം വ്യക്തമാക്കുന്ന പരമ്പരാഗത നൃത്തങ്ങളാണ് സർഗോത്സവത്തിന്റെ പ്രധാന വേദിയായ കളിയാട്ടത്തിൽ അരങ്ങേറിയത്. വനവും വേട്ടയും ഉത്സവങ്ങളുടെ ആഹ്ലാദവും രോഗ ശാന്തിക്കായുള്ള പ്രാർത്ഥനയും സഹജീവിതത്തിന്റെ ആഴമുള്ള ഏടുകളും നൃത്തത്തിന്റെ ഭാഷയിൽ വിദ്യാർഥികൾ അതിമനോഹരമായി പുനർസൃഷ്ടിച്ചു.
മംഗലം കളി, വട്ടക്കളി, കമ്പളനാട്ടി, കൂറാട്ട, മന്നാൻ കൂത്ത് തുടങ്ങി വ്യത്യസ്ത നൃത്ത രൂപങ്ങളാണ് വേദിയിൽ അരങ്ങേറിയത്. വിദ്യാർഥികളായ തനത് കലാകാരന്മാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പാള, പനയോല, പ്ലാവില, മാവില, മുള, ഇഞ്ചത്തോൽ, ചണ, പക്ഷിത്തൂവൽ തുടങ്ങിയവ ഉപയോഗിച്ചുള്ള പരമ്പരാഗത വേഷവുമണിഞ്ഞുകൊണ്ടുള്ള കളിയാട്ട വേദി പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിമാറി.
ഒള്ളുള്ളേരി ഒള്ളുള്ളേരി മാണിനങ്കരെ, കണ്ടനും കോമരനും മുള്ളാട്ടന്മാരും തുടങ്ങിയ പാട്ടുകൾ ഉൾക്കൊള്ളിച്ച് വേദിയിൽ അവതരിപ്പിക്കപ്പെട്ട ഓരോ നൃത്തവും വിനോദം മാത്രമല്ല, തലമുറകളായി കൈമാറിവന്ന ജീവിതാനുഭവങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൃശ്യാവിഷ്‌കാരം കൂടിയാണ്. അധ്യാപകരുടെയും കലാ പരിശീലകരുടെയും പിന്തുണയോടെ മറവിലായിരുന്ന നിരവധി ഗോത്രനൃത്തങ്ങൾ പുതുതലമുറയിലൂടെ വീണ്ടും ജീവൻ പ്രാപിക്കുന്നതിന്റെ തെളിവാണ് ഈ സർഗോത്സവം.
