കണ്ണൂർ:- അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' ന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും നേതൃത്വത്തില്‍ നടത്തിയ ഭിന്നശേഷി ജില്ലാതല കലാമേള സമാപിച്ചു. കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പരിവാര്‍ 26 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ റണ്ണറപ്പായി. പോലീസ് സഭാ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എ ഡി എം കലാ ഭാസ്‌കര്‍ അധ്യക്ഷയായി. ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് മുഖ്യാതിഥിയായി.
പരിപാടിയോടനുബന്ധിച്ച് പി സന്തോഷ് കുമാര്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ട് 2,16,000 രൂപ ഉപയോഗിച്ചുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രോണിക് വീല്‍ചെയറും വിതരണം ചെയ്തു.
സംഘനൃത്തം, മിമിക്രി, പ്രസംഗം, കവിതാപാരായണം, ലളിതഗാനം, സമൂഹഗാനം എന്നീ ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ജൂനിയര്‍, സീനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ നിന്നുമായി നൂറ്ററുപതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകുടം, സിറ്റി പോലീസ് കമ്മിഷണറുടെ കാര്യാലയം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വിവിധ ഭിന്നശേഷി സംഘടനകള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, ഭിന്നശേഷി സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ഭിന്നശേഷി ജില്ലാതല കലാമേള പോലീസ് സഭാ ഹാള്‍, ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നീ വേദികളിലായി സംഘടിപ്പിച്ചത്. ഭിന്നശേഷി അവകാശ സെമിനാര്‍ ഡിസംബര്‍ മൂന്നിന് നടന്നിരുന്നു. 'സാമൂഹിക പുരോഗതിക്ക് വേണ്ടി ഭിന്നശേഷിക്കാരെ ഉള്‍കൊള്ളുന്ന സമൂഹങ്ങളെ പരിപോഷിപ്പിക്കുക' എന്നതാണ് 2025 ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ തീം.
തലശ്ശേരി നഗരസഭ ബഡ്സ് സ്‌കൂള്‍, പ്രതീക്ഷ ഭവന്‍, പള്ളിക്കുന്ന് ബി ആര്‍ സി, സെന്റ്. മേരീസ് സ്‌പെഷ്യല്‍ സ്‌കൂള്‍ പരിവാര്‍, ബി ആര്‍ സി അഞ്ചരക്കണ്ടി, തണല്‍, ശാന്തിദീപം, ജേസി സ്‌പെഷ്യല്‍ സ്‌കൂള്‍, മുണ്ടേരി ബഡ്സ് സ്‌കൂള്‍, കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പരിവാര്‍, ഓള്‍ കേരള ഭിന്നശേഷി ഫെഡറേഷന്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്, ഇന്‍ക്ലൂസിവ് പേരെന്റ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഒ വിജയന്‍, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാര്‍, ഡി എ ഡബ്ല്യൂ എഫ് ഭിന്നശേഷി ജില്ലാ കമ്മിറ്റി അംഗം പി.വി ഭാസ്‌കരന്‍, കെ എഫ് ബി ഭിന്നശേഷി ജില്ലാ കമ്മിറ്റി അംഗം മുരളീധരന്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ കെ.പി നിധീഷ്, കണ്ണൂര്‍ ഗവ വൃദ്ധസദനം സൂപ്രണ്ട് നിഷാന്ത്, കെ എസ് എസ് എം ജില്ലാ കോ ഓഡിനേറ്റര്‍ കെ അനീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
