കണ്ണൂർ:-വടക്കേ മലബാറിന്റെ ഗോത്രസംസ്‌കാരത്തില്‍ വേരൂന്നിയ അനുഷ്ഠാന കലാരൂപമായ മംഗലംകളി പാട്ട് സര്‍ഗോത്സവ വേദിയില്‍ ശ്രദ്ധേയമായി. മാവിലന്‍-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ് മംഗലംകളി. 'സര്‍ഗോത്സവം 2025' ന്റെ വേദിയില്‍, ഗോത്രകലകളിലൊന്നായ മംഗലംകളിയുടെ പാട്ട് പരമ്പരാഗത ഗാനാലാപന മത്സരത്തില്‍ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടികയായിരുന്നു കണ്ണൂര്‍ ജില്ലയിലെ ജി എം ആര്‍ എച്ച് എസ് എസ് പട്ടുവം സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
തുടിതാളത്തിനൊപ്പം തുളു ഭാഷയിലെ വരികളാണ് മംഗലംകളിയുടെ പ്രത്യേകത. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകളില്‍ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തില്‍ മൗലികമായ വ്യത്യാസം കാണാനില്ല. വിവാഹത്തിന്റെ തലേന്ന് സ്ത്രീ പുരുഷന്മാര്‍ പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്ത് നൃത്തം ചെയ്യുന്നതാണ് രീതി. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. തുടിയുടെ ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്. ആടിപ്പാടി ആവേശം കൂടി അവസാനത്തിലെത്തുമ്പോഴേയ്ക്കും സ്വന്തം ദേഹത്ത് അടിച്ചുകൊണ്ട് കളി പുരോഗമിക്കും. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധമായും ഈ കലാരൂപത്തെ കാണുന്നുണ്ട്.
