വ്യോമഗതാഗതം താളം തെറ്റി ; ഇന്നലെ ഇൻഡിഗോ റദ്ദാക്കിയത് ആയിരത്തിലേറെ സർവീസുകൾ


ന്യൂഡൽഹി :- പൈലറ്റ് ക്ഷാമം മൂലം ഇന്നലെ മാത്രം ആയിരത്തിലേറെ വിമാനസർവീസുകൾ ഇൻഡിഗോ റദ്ദാക്കിയതോടെ രാജ്യത്തെ വ്യോമഗതാഗതം ഏറക്കുറെ പൂർണമായും താളംതെറ്റി. നവം ബർ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്‌ഥകളിൽ 2026 ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് ഇളവു നൽകി. അസാധാരണമായ യാത്രാപ്രതിസന്ധി കണക്കിലെടുത്താണിത്. സർവീസുകൾ പുനഃക്രമീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഡൽഹി, ചെന്നൈ അടക്കം പല വിമാനത്താവളങ്ങളിലെയും സർവീസുകൾ ഇന്നലെ രാത്രി വരെ പൂർണമായി ഇൻഡിഗോ നിർത്തിവച്ചു. ഇന്നും ആയിരത്തിൽ താഴെ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന് കമ്പനി സിഇഒ പീറ്റർ എൽബേഴ്സ‌് അറിയിച്ചു. 

ഡിജിസിഎ നൽകിയ ഇളവിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 10നും 15നും ഇടയിൽ സർവീസുകൾ പൂർവ സ്‌ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോ സംഭവം അന്വേഷിക്കാനായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നാലംഗ ഉന്നതതലസമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഇന്നലെ മുതൽ ഡിസംബർ 15 വരെയുള്ള എല്ലാ ടിക്കറ്റ് കാൻസലേഷനുകൾക്കും ടിക്കറ്റ് തുക പൂർണമായും മടക്കി നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. റീ ഷെഡ്യൂൾ ചെയ്യുന്നതിന് തുക ഈടാക്കില്ല. യാത്ര ചെയ്യേണ്ട വിമാനം റദ്ദാക്കിയെങ്കിൽ വിമാനത്താവളത്തിലേക്ക് വരരുതെന്നും കമ്പനി അഭ്യർഥിച്ചു.

Previous Post Next Post