രാഷ്ട്രീയ അതിക്രമങ്ങളുടെ സ്ഥലമെന്ന കണ്ണൂരിന്റെ ചീത്തപ്പേര് മാറ്റണം - ഹൈക്കോടതി


കൊച്ചി :- രാഷ്ട്രീയ അതിക്രമങ്ങളുണ്ടാകുന്ന സ്‌ഥലമെന്ന ചീത്തപ്പേര് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ജനങ്ങളും പോലീസും ചേർന്നു മാറ്റിയെടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. പോളിങ് ദിവസം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്നും ബൂത്ത് പിടിത്തമടക്കമുള്ള അട്ടിമറിക്ക് സാധ്യതയുള്ളതിനാൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. ഹർജികളിൽ ഭൂരിഭാഗവും കണ്ണൂരിൽ നിന്നായിരുന്നു. കണ്ണൂരുകാർ ആതിഥ്യമര്യാദ ഉള്ളവരും സന്ദർശകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവരുമാണെന്നാണു പറയാറുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി. ശക്ത‌മായ സാമൂഹിക ബന്ധങ്ങളിലും സാംസ്കാരിക മൂല്യങ്ങളിലും അധിഷ്ഠിതമാണ് അവിടത്തെ കുടുംബങ്ങൾ. 2011 ലെ സെൻസസ് പ്രകാരം കണ്ണൂർ ജില്ലയിലെ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. എന്നിട്ടും എന്തുകൊണ്ടാണ് കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ നാടായി കേരളീയർ കരുതുന്നതെന്നു കോടതി ചോദിച്ചു.

പ്രശ്‌നബാധിത ബൂത്തുകൾക്കായി കോടതി മാർഗനിർദേശങ്ങളും നൽകി. അതീവ സംഘർഷ സാധ്യതാ ബൂത്തുകളെന്നു (ഹൈപ്പർ സെൻസിറ്റീവ്, സെൻസിറ്റീവ്) സംസ‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തിയ ഇടങ്ങളിൽ തത്സമയ ലൈവ് വെബ്കാസ്‌റ്റിങ്ങിനു സംസ്‌ഥാന പൊലീസ് മേധാവിയും ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയും സൗകര്യമൊരുക്കണം. കൂടുതൽ പോലീസിനെ വിന്യസിക്കണം. ഏതെങ്കിലും ബൂത്തുകളിൽ വിഡിയോഗ്രഫി വേണമെന്ന് ഹർജിക്കാർ കരുതുന്നുണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കു 3 ദിവസത്തിനുള്ളിൽ അപേക്ഷ നൽകാം. അപേക്ഷകരുടെ ചെലവിൽ വിഡിയോഗ്രഫിക്ക് അനുമതി നൽകാം. ഇതിനകം ലഭിച്ച അപേക്ഷയും പരിഗണിക്കണം. ഭീഷണി ഭയക്കുന്ന സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് 3 ദിവസത്തിനുള്ളിൽ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകാം. നിയമപ്രകാരം അവർക്കു സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.

Previous Post Next Post