പത്തനംതിട്ട :- അമ്മായി അമ്മയും മരുമകളും സ്ഥാനാർത്ഥികളായി എത്തിയ പള്ളിക്കൽ പഞ്ചായത്ത് 11-ാം വാർഡിൽ നാടകീയ തെരഞ്ഞെടുപ്പ് ഫലം. മത്സരത്തിൽ രണ്ടുപേരു പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മരുമകൾ ജാസ്‌മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോൾ കൊച്ചുപാപ്പിയുമാണ് പരാജയപ്പെട്ടത്. വാർഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ജാസ്മിന് 167 വോട്ടുകൾ ലഭിച്ചപ്പോൾ, കുഞ്ഞുമോൾക്ക് 17 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ത്രികോണ മത്സരം നടന്ന വാർഡിൽ ബിജെപി സ്ഥാനാർത്ഥി നിരുപമ 168 വോട്ടുകളും നേടി.
ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ ഒരേ വാർഡിൽ ജനവിധി തേടുന്നതിന്റെ കൗതുകം വാർത്തയായിരുന്നു. അതിൻ്റെ ആവേശം വോട്ടർമാരും പങ്കുവച്ചു. പള്ളിക്കൽ പഞ്ചായത്തിലെ 11-ാം വാർഡിലായിരുന്നു രസകരമായ സംഭവം. തനിക്കൊപ്പം മരുമകൾ അടക്കം നാലു സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോൾ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുന്നത്. എല്ലാ വോട്ടർമാരെയും നേൽ കണ്ടായിരുന്നു കുഞ്ഞുമോളുടെ പ്രചാരണം. മരുമകളും അമ്മായിയമ്മയും ഒരേ വാർഡിൽ ഏറ്റുമുട്ടുന്നതിന്റെ കാരണം കുഞ്ഞുമോൾ വിശദീകരിച്ചിരുന്നു.
മരുമകളുമായി ഒരു പ്രശ്‌നവുമില്ലെന്നും താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും മരുമകൾ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് കുഞ്ഞുമോൾ പറയുന്നത്. താനാണ് ഇവിടെ ആദ്യം പത്രിക നൽകിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. നിങ്ങൾ മത്സരിക്കൂ എന്നും, ഞാൻ കാണിച്ചുതരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി. മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ. ഒറ്റയ്ക്ക് വീടുകയറി വോട്ടുതേടി ആയിരുന്നു കുഞ്ഞുമോളുടെ പ്രചാരണം. എന്നാൽ, ജനാധിപത്യമല്ലേയെന്നും ആർക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ജാസ്മിൻ എബി പറഞ്ഞ മറുപടി. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും ഭർത്താവും പിന്തുണച്ചുവെന്നും ഒരു സ്ഥാനാർത്ഥിയോടും വാശിയോ വൈരാഗ്യമോയില്ലെന്നും ജാസ്‌മിൻ പറഞ്ഞിരുന്നു.
