മുഴപ്പിലങ്ങാട് :- മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാതയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസിനെതിരെ പ്രതിഷേധം. ഇന്നലെ മുതൽ ഏർപ്പെടുത്തിയ ഫീസ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു. ബീച്ചിലെത്തുന്ന സന്ദർശകർക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ ഫീസ് പിരിക്കാൻ പാടില്ലെന്ന് സമരക്കാർ അധികൃതരെ അറിയിച്ചു.
ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ശുചിമുറി എന്നിവ നടപ്പാതയോട് അനുബന്ധിച്ച് ഇല്ല. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആയിട്ടു കൂടി ബീച്ചിലേക്കുള്ള റോഡിന് പഞ്ചായത്തിന്റെ നിലവാരം പോലുമില്ല. എടക്കാട് ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള റോഡിൽ മണൽ അടിഞ്ഞ് കിടക്കുന്നതു കാരണം അപകടഭീതിയുണ്ടെന്ന് പ്രതിഷേധിച്ചവർ ആരോപിച്ചു.
