അപകടയാത്ര എന്ന് തീരും ; പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയന്റിലെ വിള്ളൽ യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപ്പാലങ്ങൾ തുറന്നുകൊടുത്ത് ഏഴുവർഷം പിന്നിട്ടിട്ടും കുഴികളിൽ മോക്ഷമില്ലാതെ യാത്രക്കാർക്ക് വെല്ലുവിളിയായി തുടരുകയാണ്. അതിനിടെയാണ് മൂന്നുമാസം മുൻപ് പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയന്റിൽ വലിയ വിള്ളൽ രൂപപ്പെട്ടത്. എന്നാൽ നാളിതുവരെ പാലത്തിലുണ്ടായ ഗുരുതരമായ അപാകം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. സെപ്റ്റംബറിലെ ആദ്യ ആഴ്ചയാണ് പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ റെയിൽവേ സ്പാനുകളുടെ തൊട്ടടുത്തുള്ള സ്പാനുകൾ തമ്മിൽ ചേർത്ത് ബന്ധം മുറിഞ്ഞത്. ഇരുമ്പുപട്ടകളും കമ്പികളും മറ്റും കോർത്തിട്ട ബന്ധമാണ് പൂർണമായി വേർപെട്ടുകിടക്കുന്നത്.

സ്പാനുകൾ ബന്ധിപ്പിച്ച ഇരുമ്പുപട്ടകളും കോർത്തിണക്കിയ കമ്പികളും പൊട്ടി മാസങ്ങൾ കഴിഞ്ഞു. കുറ്റൻ ചരക്കുലോറികളടക്കം തലങ്ങും വിലങ്ങും പാലത്തിലൂടെ കുതിക്കുമ്പോൾ പൊട്ടിയ പട്ടയും ഇരുമ്പ് കമ്പികളും മുകളിലേക്ക് തള്ളുന്നതും പാലത്തിലെ പതിവുകാഴ്ചയായി. അധികൃതരുടെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകളായി. കെഎസ്ടിപി അധികൃതരും പൊതുമരാമത്ത് വകുപ്പ് അധി കൃതരും വിദഗ്‌ധരുടെ നേതൃത്വത്തിൽ പലതവണ രണ്ടുപാലങ്ങളും സന്ദർശിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

പാലങ്ങൾ അടച്ചിട്ട് വലിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചെങ്കിലും പൂർവകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊതുസമൂഹം അവയൊന്നും മുഖവിലയെടുത്തിട്ടില്ല. 21 കിലോമീറ്റർ ദൈർഘ്യമുള്ള പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്‌ടിപി റോഡിലെ രണ്ട് മേൽപ്പാലങ്ങളും ഗൗരവമേറിയ അപാകടാവസ്ഥയിലായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ ഒരു ഇടപെടലും നടത്താത്തതിലും പ്രതിഷേധം ശക്തമാണ്. കുഴികളും കുഴികളിലെ കമ്പികളും പുറത്തേക്ക് തള്ളി അപകടങ്ങളുണ്ടാകുന്നതും പതിവാക്കുകയാണ്.

Previous Post Next Post