ന്യൂഡൽഹി :- വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോയ്ക്കെതിരെ കർശന നടപടി വരുമെന്ന് വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങിയെന്നും വ്യോമയാന രംഗത്തിനു മാതൃകയാകുന്ന തരത്തിലാകും നടപടിയെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു. കെടുകാര്യസ്‌ഥതയും ഡ്യൂട്ടി നിശ്ചയിക്കുന്നതിലെ അലംഭാവവുമാണു ഗുരുതര സാഹചര്യത്തിലേക്കു നയിച്ചത്. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ല. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്‌ഡിടിഎൽ) മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യമായ സമയം നൽകിയിരുന്നു. 22 നിർദേശങ്ങളിൽ 15 എണ്ണം ജൂലൈയിലാണു പ്രാബല്യത്തിലായത്. പൈലറ്റ് ഡ്യൂട്ടി ചട്ടം നവംബർ 1 മുതലും നടപ്പാക്കി. എന്നാൽ, ഒരു മാസത്തിനു ശേഷം ഡിസംബർ 2 മുതൽ സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയത് എയർലൈൻ കമ്പനിയുടെ മാത്രം വീഴ്ചയാണ്' മന്ത്രി പറഞ്ഞു.
സർവീസുകൾ താറുമാറാകുന്നതിന്റെ കൃത്യമായ കാരണം ചൂണ്ടിക്കാണിക്കുക എളുപ്പമല്ലെന്നും അതു കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെ (ഡിജിസിഎ) ഇൻഡിഗോ അറിയിച്ചു. ഡിജിസിഎയുടെ കാരണംകാണി ക്കൽ നോട്ടിസിന് സിഇഒ പീറ്റർ എൽബേഴ്സ് നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സാങ്കേതികപ്രശ്നം, ഷെഡ്യൂൾ മാറ്റം, മോശം കാലാവസ്‌ഥ, വ്യോമഗതാഗതത്തിൽ പൊതുവായുണ്ടായ തടസ്സം, പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം തുടങ്ങിയ കാരണങ്ങൾ ഒരുമിച്ചുവന്നതാണ് സർവീസുകൾ റദ്ദാകാൻ കാരണമായതെന്നാണു വിശദീകരണം. റൂട്ട് കോസ് അനാലിസിസ് (ആർസിഎ) നടത്തിയ ശേഷം കൃത്യമായ കാരണം അറിയിക്കാമെന്നും വിശദീകരിച്ചു.
ഇന്നലെ ഇൻഡിഗോ 1800ലേറെസർവീസുകൾ ഓപ്പറേറ്റ് ചെയ്തു. ഏകദേശം 500 സർവീസുകൾ റദ്ദാക്കി. ബെംഗളൂരു വിമാനത്താവളത്തിൽ 150 സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽ നിന്നുള്ള 74 സർവീസുകളും ഇവിടേക്കുള്ള 76 സർവീസുകളുമാണു റദ്ദാക്കിയത്. മുംബൈ യിൽ 98 സർവീസുകളാണു റദ്ദാക്കിയത്. ചെന്നൈയിൽ എത്തേണ്ടിയിരുന്ന 33 വിമാനങ്ങളും ഇവിടെ നിന്നു പുറപ്പെടേണ്ടിയിരുന്ന 38 വിമാനങ്ങളുമടക്കം 71 സർവീസുകൾ റദ്ദാക്കി.
കൊച്ചിയിലേക്കുള്ള 9 ആഭ്യ ന്തര സർവീസു കൾ റദ്ദാക്കി; ഇവ യുടെ മടക്കയാത്രയും മുടങ്ങി. തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകളും ഇവിടെനിന്നു പു റപ്പെടേണ്ടിയിരുന്ന 3 സർവീസുകളും റദ്ദാക്കി. പ്രതിസന്ധി മൂലം നവംബർ 21 മുതൽ ഡിസംബർ 7 വരെ റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ ഇൻഡിഗോ മടക്കിനൽകി. 9.55 ലക്ഷം പിഎൻആറുകൾക്കായാണ് ഇത്രയും തുക മടക്കി നൽകിയത്. റീഫണ്ടിന് കേന്ദ്രം നിശ്ചയിച്ച സമയപരിധി ഞായറാഴ്ച രാത്രി 8 വരെയായിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ 4500 ബാഗുകൾ ഇതുവരെ ഉപയോക്താക്കളുടെ വീടുകളിലെത്തിച്ചു.
വിമാനനിരക്കിനു പരിധി നിശ്ചയിച്ച കേന്ദ്ര ഉത്തരവിനു ശേഷവും ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവന്നവർക്ക് അർഹതപ്പെട്ട തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ശനിയാഴ്ചയാണ് നിരക്കു നിയന്ത്രണ ഉത്തരവിറങ്ങിയതെങ്കിലും വെബ്സൈറ്റുകളിൽ മാറ്റംവരുത്താൻ സമയമെടുത്തെന്നാണു വിശദീകരണം. എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നിയന്ത്രണം പൂർണമായും നടപ്പാക്കി. എയർ ഇന്ത്യ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ഇൻഡിഗോയിലെ പ്രതിസന്ധിക്കു പിന്നാലെ എയർ ഇന്ത്യ കൂടുതൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നത് ആരംഭിച്ചു. ബോയിങ് 737, എയർബസ് എ320 റേറ്റിങ് ഉള്ള പൈലറ്റുമാരെയാണു തേടുന്നത്.
