തിരുവനന്തപുരം :- സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും. തമിഴ്‌നാട്ടിൽ മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില കുതിക്കാൻ കാരണം.
ന്യൂനമർദ്ദത്തെതുടർന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയും ഡിസംബർ ഒൻപത് വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ഒരേ സ്ഥലത്ത് തന്നെ തുടരുകയാണ്. ഇതു കൊണ്ടാണ് മഴ തുടരുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇപ്പോൾ തുടരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറാനും സാധ്യത. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കൃഷ്‌ണഗിരി, ധർമപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയിലും മഴ മുന്നറിയിപ്പുണ്ട്.
