സിഗരറ്റിന് വർധിപ്പിക്കുന്നത് എക്സൈസ് ഡ്യൂട്ടി ; ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ അനുസരിച്ച് ഈടാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ



ദില്ലി :- പുകയില ഉത്പന്നങ്ങൾക്ക് മേൽ ഉയർത്തിയ തീരുവ സംസ്ഥാനങ്ങളിൽ നിന്ന് ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ അനുസരിച്ച് ഈടാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത് സെസ് അല്ല എക്സൈസ് ഡ്യൂട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. പുകയില കർഷകരെയും ബീഡി തൊഴിലാളികളെയും ബിൽ ദോഷകരമായി ബാധിക്കില്ല. 

രാജ്യത്ത് 49.82 ലക്ഷം രജിസ്റ്റർ ചെയ്‌ത ബീഡി തൊഴിലാളികളുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. 1944ലെ സെൻട്രൽ എക്സൈസ് ആക്ട‌് ഭേദഗതി ചെയ്യുന്നതിനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. സിഗരറ്റ്, സിഗാർ, ഹുക്ക, സർദ തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവയാണ് വർധിക്കുന്നത്.

പ്രധാന നിർദേശങ്ങൾ

സിഗരറ്റ് : സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുക. 1,000 സിഗരറ്റുകൾക്ക് 2,700 രൂപ മുതൽ 11,000 രൂപ വരെ ലെവി ഏർപ്പെടുത്താനാണ് നിർദേശം.

65 എം.എം വരെ നീളമുള്ള ഫിൽട്ടർ സിഗരറ്റുകൾക്ക് : 1,000 എണ്ണത്തിന് 3,000 രൂപ.

65 മുതൽ 70 എം.എം വരെ നീളമുള്ളവയ്ക്ക് : 1,000 എണ്ണത്തിന് 4,500 രൂപ.

മറ്റു ഉൽപ്പന്നങ്ങൾ : ചുരുട്ട്, ച്യൂയിങ് ടുബാക്കോ തുടങ്ങിയവയ്ക്ക് 25 ശതമാനം ഡ്യൂട്ടി ഏർപ്പെടുത്താനും നിർദേശമുണ്ട്.

പാൻമസാല : പാൻമസാല നിർമ്മാണത്തിനുള്ള സെസ് കമ്പനികളിലെ മെഷീനുകളുടെ ഉൽപ്പാദന ശേഷി അടിസ്ഥാനമാക്കിയാകും ചുമത്തുക. ഇത് പാൻമസാല മേഖലയിൽ പുതിയൊരു നികുതി ഘടന കൊണ്ടുവരും.

Previous Post Next Post