കൊളച്ചേരി :- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊളച്ചേരി ഡിവിഷനിൽ നിന്നും ജനവിധി തേടുന്നത് മൂന്ന് സ്ഥാനാർഥികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥിയായി മത്സരിച്ച സി.എം പ്രസീത ടീച്ചർ 240 ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
ഇത്തവണ LDF സ്ഥാനാർഥിയായി CPIM ലെ ശ്രീധരൻ സംഘമിത്ര, UDF സ്ഥാനാർഥി കോൺഗ്രസിലെ രാജീവ് എ.പി, NDA സ്ഥാനാർഥിയായി BJP യിലെ ഒ.പുരുഷോത്തമൻ തുടങ്ങിയവരാണ് കൊളച്ചേരിയിൽ നിന്നും മത്സര രംഗത്തുള്ളത്.
സ്ഥാനാർഥികളെ അറിയാം
തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട മുന്നൊരുക്കത്തിലാണ് ശ്രീധരൻ സംഘമിത്ര. കൊളച്ചേരി ഡിവിഷനിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് LDF സ്ഥാനാർഥിയാണ് ശ്രീധരൻ സംഘമിത്ര. കമ്പിൽ ചെറുക്കുന്ന് സ്വദേശിയായ ശ്രീധരൻ സംഘമിത്ര അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് ജനവിധി തേടുന്നത്.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻ നിരയിൽ നിൽക്കുന്ന ശ്രീധരൻ സംഘമിത്ര IRPC പ്രവർത്തകനാണ്. കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറി, പുകസ സംസ്ഥാന ജനറൽ കൗൺസിൽ അംഗം, ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.
കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം, ബിഹൈൻഡ് ദി കർട്ടൻ സാഹിത്യപ്രതിഭ പുരസ്കാരം, മിത്ര ചാരിറ്റബിൾ സൊസൈറ്റി സാഹിത്യ ശ്രി പുരസ്കാരം, കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യ പ്രതിഭ, ഒ കെ കുറ്റിക്കോൽ നാടക പ്രതിഭ പുരസ്കാരം അക്ഷരശ്രി പുരസ്കാരം എന്നിവ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതുവരെയായി 37 നാടകങ്ങൾ രചിച്ചിട്ടുണ്ട്. രചനയ്ക്ക് പുറമെ നിരവധി നാടകങ്ങളിലും 'വെളുത്ത മധുരം' എന്ന സിനിമയിലും ശ്രീധരൻ സംഘമിത്ര അഭിനയിച്ചിട്ടുണ്ട്. കമ്പിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിതയാണ് ശ്രീധരൻ സംഘമിത്രയുടെ ഭാര്യ. ശ്രീഹാസ്, സുശ്രിത എന്നിവർ മക്കളാണ്.
2. രാജീവ് എ.പി (UDF)
തദ്ദേശ തെരഞ്ഞെടുപ്പിൽ UDF ലെ കോൺഗ്രസ്സ് സ്ഥാനാർഥിയായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊളച്ചേരി ഡിവിഷനിൽ നിന്ന് ജനവിധി തേടുകയാണ് കൊളച്ചേരിപ്പറമ്പ് സ്വദേശിയായ രാജീവ് എ.പി. കൈപ്പത്തി അടയാളത്തിലാണ് എ.പി രാജീവ് മത്സര രംഗത്തുള്ളത്.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹിയും തുടർന്ന് ബ്ലോക്ക് ഭാരവാഹിയുമായിരുന്ന എ.പി രാജീവ് എക്സ്സൈസ് ഉദ്യോഗസ്ഥനായിരുന്നു. എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായും ജില്ലാ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഡയരക്ടർ കൂടിയായിരുന്നു.
ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് രാജീവ് എ.പി. സ്‌കൂളുകളിലും കോളേജുകളിലും പൊതുസ്ഥലങ്ങളിലും ഉൾപ്പടെയായി ലഹരി വിരുദ്ധ ക്ലാസുകൾ എടുത്തിട്ടുണ്ട്. ഇതുവരെയായി 1500 ൽ കൂടുതൽ ലഹരി വിരുദ്ധ ക്ലാസുകൾ രാജീവ് കൈകാര്യം ചെയ്തിട്ടുണ്ട്. പെരുമാച്ചേരി എ.യു.പി സ്കൂൾ അധ്യാപിക ഷീനയാണ് ഭാര്യ. അവന്തിക ഏക മകളാണ്.
3. ഒ.പുരുഷോത്തമൻ (NDA)
തദ്ദേശ തെരഞ്ഞെടുപ്പിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊളച്ചേരി ഡിവിഷനിൽ നിന്നും NDA സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് ഒ.പുരുഷോത്തമൻ. താമര അടയാളത്തിലാണ് പുരുഷോത്തമൻ മത്സരിക്കുന്നത്.
കൊളച്ചേരി കാവുംചാൽ സ്വദേശിയായ പുരുഷോത്തമൻ വിമുക്ത ഭടൻ കൂടിയാണ്. സുലേഖയാണ് പുരുഷോത്തമന്റെ ഭാര്യ. ശ്രുതി, സൂര്യ എന്നിവർ മക്കളാണ്.
