'നഷ്ട‌പ്പെടുകയെന്നത് വലിയ സങ്കടം', ശ്രീനിവാസനെ അനുസരിച്ച് മോഹൻലാൽ


കൊച്ചി :- ശ്രീനിവാസനെ നഷ്ട‌പ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടൻ മോഹൻലാൽ. സിനിമയെയും ജീവിതത്തെയും വ്യത്യസ്‌തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ അനുസ്മ‌രിച്ചു. രാവിലെ അമൃത ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് തൃപ്പൂണുത്തുറയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോൾ അറിയല്ല. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഇന്നസെൻ്റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതൽ ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. നടൻ എന്ന നിലയിൽ അല്ല ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട്.

സമൂഹത്തിനുനേരെ ചോദ്യം ഉയർത്തിയ ഒരുപാട് സിനിമകൾ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്ത‌മായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസൻ. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസൻ. ഏറെ പ്രിയപ്പെട്ടയൊരാൾ നഷ്‌ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങൾ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാൻ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ അനുസ്മരിച്ചു.

ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ അമൃത ആശുപത്രിയിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.

ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി അനുസ്മരിച്ചു. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാർത്ത അറിഞ്ഞപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീർഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓർക്കാൻ സമ്മാനിച്ചു. എൻ്റെ സിനിമാ ജീവിതത്തിലെ ഒരുപാട് കഥകളും കഥാപാത്രങ്ങളും പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉർവശി അനുസ്മരിച്ചു.

Previous Post Next Post