ദില്ലി :- രാജ്യത്ത് നടന്ന ആയിരം കോടിയുടെ ചൈനീസ് സൈബർ തട്ടിപ്പ് കേസിൽ രണ്ടു മലയാളികളും പ്രതികളെന്ന് സിബിഐ. നിസാമുദ്ദീൻ എബി, അജ്‌മൽ എന്നിവരെയാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിയാക്കിയത്. ഇവരടക്കമുള്ള പതിനേഴ് പ്രതികളിൽ നാല് പേർ ചൈനീസ് പൗരന്മാരാണ്. സൈബർ തട്ടിപ്പിൽ കേരളമടക്കം 27 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകൾ വഴി 1000 കോടിയിലധികം രൂപ കൈമാറ്റം നടന്നിട്ടുണ്ട്. 2020 മുതൽ രാജ്യത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സൈബർ തട്ടിപ്പ് സംഘങ്ങളെയാണ് സിബിഐ പുട്ടിയത്. സൂയി, ഹുവാൻ ലിയു, വെയ്ജിയാൻ ലിയു, ഗുവാൻഹുവ വാങ് എന്നിവരാണ് കേസിൽ ഉൾപ്പെട്ട നാല് ചൈനീസ് പൗരന്മാർ.
ഇവരുടെ നിയന്ത്രണത്തിലാണ് മലയാളികൾ അടക്കം സംഘം വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചത്. വ്യാജ വായ്പാ അപേക്ഷകൾ, നിക്ഷേപ പദ്ധതികൾ, ജോലി വാഗ്‌ദാനങ്ങൾ, ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ. ഡിജിറ്റൽ അറസ്റ്റ് തുടങ്ങി വിവിധങ്ങലായ നിയമ വിരുദ്ധ വഴികളിലൂടെയാണ് ചൈനീസ് സംഘം പണം തട്ടിയത്. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത എ ബി നിസാമൂദ്ദീൻ, അജ്‌മൽ എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. എന്നാൽ ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ സിബിഐ പുറത്തുവിട്ടില്ല. മറ്റ് പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും ഏജൻസി പുറത്തിവിട്ടില്ല.111 വ്യാജ കമ്പനികൾ ഉപയോഗിച്ചാണ് ഇവർ പണം ഇന്ത്യയിൽ നിന്ന് കടത്തിയത്. ഇതിൽ 58 കമ്പനികളെ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകൾ വഴി 1,000 കോടിയിലധികം രൂപയാണ് കൈമാറ്റം ചെയ്തതത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ 27 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചൈനക്കരായ പ്രതികൾ വിദേശത്തിരുന്ന് നേരിട്ടാണ് തട്ടിപ്പ് നിയന്ത്രിച്ചിരുന്നത്.
