മലപ്പുറം :- മലപ്പുറത്ത കുരുവമ്പലം സ്കൂളിനു മുന്നിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ നാഷനൽ എൽ.പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മരണം. കഴിഞ്ഞദിവസം വൈകുന്നേരം 4.30 ഓടെ സ്കൂൾ വിട്ട് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുൻഭാഗം വാഹനത്തിൽ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തിൽ നിന്നും നഫീസ ടീച്ചർ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പർ ലോറി അമിത വേഗത്തിലായിരുന്നുവെന്നു കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു.
ഡ്രൈവർ ലോറി നിർത്തിയത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ട് സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ടിപ്പർ ഡ്രൈവർ ലോറി നിർത്തിയത്. ലോറി പിന്നോട്ടെടുത്ത് നഫീസ ടീച്ചറെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്ന ഉടൻതന്നെ എംഇഎസ് മെഡിക്കൽ കോളേജിലാണ് എത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പകൽ സമയത്ത് ടിപ്പറുകൾ സ്‌കൂൾ പ്രദേശത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് കാറ്റിൽപ്പറത്തിയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. പല ഡ്രൈവർമാരും അമിത വേഗത്തിലാണ് പായുന്നത്. കരിങ്കല്ലുമായി പായുന്ന ലോറികളും നഗരത്തിൽ അപകടം വിതയ്ക്കുന്നതും പതിവാണ്. ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തുമ്പോഴും പൊലീസും മോട്ടർ വാഹന വകുപ്പും ഇതു വരെ നടപടിയെടുത്തിട്ടില്ല. ഇത് മുതലാക്കിയാണ് ടിപ്പറുകൾ പായുന്നതെന്നും ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.
