കൊച്ചി :- കൊച്ചിയിൽ ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ എസ് എച്ച് ഒ പ്രതാപചന്ദ്രനെതിരെ സസ്പെൻഷൻ നടപടി പോലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രതാപനെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മർദ്ദനമേറ്റ ഷൈമോളും ഭർത്താവ് ബെൻജോയും മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി അടുത്തമാസം 17 ന് എറണാകുളം സിജിഎം കോടതി പരിഗണിക്കും.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്‌ഒ ആയിരിക്കെ ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവത്തിൽ നിലവിൽ അരൂർ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്‌തുകൊണ്ട് നടപടിയെടുത്തത്. 2024ൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അടിയന്തര നടപടിയെടുത്തത്.
പ്രതാപചന്ദ്രൻ ഗർഭിണിയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ജൂണിൽ നടന്ന സംഭത്തിൽ ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. 2024 ജൂൺ 20ന് രാത്രി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പ്രതാപചന്ദ്രൻ ഷൈമോളെ മർദിക്കുന്നത് വ്യക്തമാണ്. എസ് എച്ച് ഒ പ്രതാപചന്ദ്രൻ ആദ്യം ഷൈമോളെ നെഞ്ചത്ത് പിടിച്ച് തള്ളുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്‌തു. എന്നാൽ, ഷൈമോൾ കുഞ്ഞുങ്ങളുമായി വന്ന് സ്റ്റേഷനുമുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാൻ നോക്കിയെന്നും അപ്പോഴാണ് പ്രതികരിച്ചതെന്നുമാണ് പ്രതാപചന്ദ്രൻ പറയുന്നത്.
ഗർഭിണിയെ മുഖത്തടിച്ചതിന് സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രൻ പൊലീസ് സേനയിലെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് ആരോപണം. എറണാകുളം നോർത്ത് പാലത്തിനടിയിൽ ഉച്ചവിശ്രമത്തിനിടെ പ്രതാപചന്ദ്രൻ മുഖത്തടിച്ചെന്നും കള്ളക്കേസെടുത്തെന്നുമുള്ള സ്വിഗി ജീവനക്കാരൻ്റെ പരാതിയിൽ ഇന്നും അന്വേഷണം തുടരുകയാണ്. പൊലീസ് സ്റ്റേഷനിൽ മോശം പെരുമാറ്റം നേരിട്ടെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നിയമവിദ്യാർഥിനിയും രംഗത്തുവന്നു. പ്രതാപചന്ദ്രൻ 2023ൽ മർദ്ദിച്ചെന്നും മൊബൈൽ ഫോൺ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു പാലക്കാട് സ്വദേശിയുടെ ആരോപണം.
