സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കണ്ണൂരിൽ നൽകിയത് ഉജ്വല സ്വീകരണം


കണ്ണൂർ :- സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ശനിയാഴ്ച കണ്ണൂർ ടൗൺ സ്ക്വയറിന് സമീപം ശംസുൽ ഉലമ നഗറിൽ പൊതുയോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 

ലോകാവസാനം വരെ സമസ്‌തയുടെ കൂടെ വർഗീയതയോ അപരമതവിദ്വേഷമോ ചേർക്കപ്പെടുന്ന ഒരവസ്ഥയുണ്ടാകില്ലെന്ന് സന്ദേശയാത്രയെ അഭിസംബോധന ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പരിശുദ്ധ ദീനിൽ പരിവർത്തനം നടത്താനുള്ള ശ്രമങ്ങളുണ്ടായപ്പോൾ പണ്ഡിതർ രൂപവത്കരിച്ച പ്രസ്ഥാനമാണ് സമസ്ത. ഇത് ശക്തമായ അടിത്തറയുള്ള സംഘടനയാണ്. ഞങ്ങൾക്ക് ആരോടും വിദ്വേഷമോ എതിർപ്പോ ഇല്ല. ആശയങ്ങളെ വിമർശിക്കുന്നവരോട് ആശയപരമായ വിയോജിപ്പുകൾ മാത്രമാണുള്ളത്. വ്യക്തികളോട് എതിർപ്പ് പ്രകടിപ്പിക്കേണ്ട ആവശ്യം സമസ്തയ്ക്കില്ലെന്നും തങ്ങൾ വ്യക്തമാക്കി.

സമസ്ത‌ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എം.ഉമർകോയ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അസ് ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷത വഹിച്ച മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്റ് അഡ്വ. അബ്ദു‌ൾ കരീം ചേലേരി, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മുൻ മേയർ ടി.ഒ മോഹനൻ, കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി ജാഥാ ഡയറക്‌ടർ കെ.ഉമർ ഫൈസി മുക്കം, കോഡിനേറ്റർ അബ്ദു‌സലാം ബാഖവി വടക്കേക്കാട് എന്നിവർ പങ്കെടുത്തു. എ.കെ അബ്ദുൾ ബാഖവി സ്വാഗതം പറഞ്ഞു.

Previous Post Next Post