ഡിജിറ്റൽ അറസ്റ്റ് ; രാജ്യവ്യാപകമായി CBI അന്വേഷിക്കണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുസംഭവങ്ങളിൽ അന്വേഷണം നടത്താൻ സിബിഐയോട് സുപ്രീംകോടതി നിർദേശിച്ചു. സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ച പ്രതിപക്ഷ സംസ്ഥാനങ്ങളോട് ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ അതു നൽകാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. സൈബർ കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ എന്തുകൊണ്ടാണ് എഐ (നിർമിതബുദ്ധി) ഉപയോഗപ്പെടുത്താത്തതെന്ന് റിസർവ് ബാങ്കിനോട് സുപ്രീംകോടതി ചോദിച്ചു. 

ഡിജിറ്റൽ അറസ്റ്റ് വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഓഡിയോ, വീഡിയോ കോളുകൾ വഴി ഇരകളെ കബളിപ്പിച്ച് പണം തട്ടുന്ന ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങൾ അടുത്തകാലത്തായി കൂടിവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളിലും സൈബർ ക്രൈം കോഡിനേഷൻ സെൻ്റർ തുടങ്ങാൻ കോടതി നിർദേശിച്ചു.

Previous Post Next Post