മുംബൈ :- കേരളത്തിൻ്റെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) വരുമാനത്തിൽ വർധന. നവംബറിൽ തീർപ്പാക്കലിനു ശേഷമുള്ളവരുമാനം 2,963 കോടി രൂപയാണ്. 2024 നവംബറിലെ 2,746 കോടി രൂപയിൽ നിന്ന് എട്ടു ശതമാനം വർധനവാണുണ്ടായത്. ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് സംസ്ഥാത്തിന്റെ ജിഎസ്‌ടി വരുമാനം വര്‌ധിക്കുന്നത്. ഒക്ടോബറിൽ 2,883 കോടി രൂപയായിരുന്നു വരുമാനം. ഈ നിലയിൽ നിന്ന് 80 കോടിയുടെ വരുമാന വർധനവുണ്ടായിട്ടുണ്ട്.
നവംബറിൽ രാജ്യത്തെ ജിഎസ്‌ടി വരുമാനം 1,70,276 കോടി രൂപയാണ്. 2024 ഒക്ടോബറിലെ 1,69,016 കോടിയെ ക്കാൾ 0.70 ശതമാനം മാത്രമാണ് വർധന. ഒക്ടോബറിൽ 1,95,936 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഓഗ സ്റ്റിൽ 1.86 ലക്ഷം കോടിയും സെപ്റ്റംബറിൽ 1.89 ലക്ഷം കോടി രൂപയുമായിരുന്നു ഇത്. ഒക്ടോബറിൽ ചരക്ക്-സേവന നികുതി പരിഷ്ക്കരണവും ഉത്സവകാല വിൽപ്പനയും ഒരുമിച്ചു വന്നതാണ് വരുമാനം കൂട്ടാനിടയാക്കിയത്.
നവംബറിൽ 34,843 കോടി കേന്ദ്ര ജിഎസ്‌ടി, 42,522 കോടി സംസ്ഥാന ജിഎസ്‌ടി, 92,910 കോടി സംയോജിത ജിഎസി എന്നിങ്ങനെ ലഭിച്ചു. ആകെ 18,196 കോടി റീഫണ്ടായി നൽകി. റീഫണ്ടിനു ശേഷമുള്ള വരുമാനം 1,52,079 കോടി രൂപയാണ്. മുൻവർഷത്തെ 1,50,062 കോടിയെക്കാൾ 1.3 ശതമാനമാണ് വരുമാന വളർച്ച. നടപ്പു സാമ്പത്തികവർഷം ഇതുവരെ 14.75 ലക്ഷം കോടി രൂപയാണ് ജിഎസ് ടി വരുമാനമായി സർക്കാരിനു ലഭിച്ചത്. മുൻവർഷം ഇതേകാലത്തെ 13.55 ലക്ഷം കോടിയെക്കാൾ 8.9 ശതമാനം അധികം. ഇതിൽ 1.96 ലക്ഷം കോടി രൂപ റീഫണ്ടായി നൽകി. ഇതുകിഴിച്ച് 12.79 ലക്ഷം കോടിയാണ് മൊത്തം വരുമാനം.
