കേരളത്തിൽ SIR നടപടികൾക്കുള്ള സമയപരിധി നീട്ടുന്നത് ഡിസംബർ 18 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- കേരളത്തിലെ എസ്ഐആർ നടപടികളുടെ സമയപരിധി നീട്ടുന്ന കാര്യം ഈ മാസം 18-ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. രണ്ടാഴ്ച കൂടി സമയം നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ, രണ്ടുതവണയായി ഡിസംബർ 18 വരെ സമയം നീട്ടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. ആവശ്യമെങ്കിൽ വീണ്ടും സമയം നീട്ടാമെന്നും കമ്മിഷൻ വ്യക്തമാക്കിയതോടെയാണ് ഹർജികളിൽ ഉടൻ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചത്. സംസ്ഥാന സർക്കാരും സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ പാർട്ടികളും നൽകിയ ഹർജിയാണ് ചീഫ്ജസ്റ്റിസ് സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേരളത്തിൽ ആദ്യം ഡിസംബർ 11 വരെയും പിന്നീട് കോടതിയുത്തരവിനെത്തുടർന്ന് 18 വരെയും എസ്ഐആർ നടപടികൾക്ക് സമയം നീട്ടിനൽകിയിട്ടുണ്ടെന്ന് കമ്മിഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു.

എന്നാൽ, 20 ലക്ഷം വോട്ടർമാരെ ഇനിയും കണ്ടെത്താനുള്ളതിനാൽ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയം നീട്ടിനൽകേണ്ടത് ആവശ്യമാണെന്നും സർക്കാർ വാദിച്ചു. അതേസമയം, കേരളത്തിൽ 97.42 ശതമാനം എന്യൂമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ ഞായറാഴ്ചയോടെ പൂർത്തിയായെന്ന് കമ്മിഷൻ അറിയിച്ചു. ആവശ്യമെന്ന് തോന്നിയാൽ സമയം നീട്ടാൻ കമ്മിഷൻ തയ്യാറാണെന്നും അതിന് കോടതിയുത്തരവിന്റെ ആവശ്യമില്ലെന്നും ദ്വിവേദി വ്യക്തമാക്കി. എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നു മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ ആവശ്യം. എസ്ഐആറിന്റെ നിയമസാധുത പിന്നീട് ചോദ്യം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, പാർട്ടികളുടെ ഹർജികളിൽ നിയമസാധുതയാണ് ചോദ്യം ചെയ്യുന്നത്.

Previous Post Next Post