കണ്ണൂർ :- ദേശീയ വിരവിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി ജില്ലയിലെ 1601 സ്കൂളുകളിലും 2504 അങ്കണവാടികളിലും വിദ്യാർഥികൾക്ക് വിരവിമുക്തമാക്കാനുള്ള ഗുളികകൾ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സിംപ്രേലക്ക് ഗുളിക നൽകി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സുവരെയുള്ള 5,67,475 കുട്ടികൾക്കാണ് ജനുവരി ആറിന് വിരനശീകരണത്തിനുള്ള ആൽബൻ ഡസോൾ ഗുളിക നൽകുന്നതിന് ആരോഗ്യ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. വിരവിമുക്ത ദിനത്തിൽ ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജനുവരി 12-ലെ മോപ് അപ്പ് ദിനത്തിൽ ഗുളിക കഴിക്കാം. മുണ്ടേരി സ്കൂൾ വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ.ടി. രേഖ അധ്യക്ഷത വഹിച്ചു.
കുട്ടികളിൽ കാണപ്പെടുന്ന വിളർച്ച, പോഷണക്കുറവ്, ക്ഷീണം എന്നിവയുടെ പ്രധാന കാരണം വിരയാണ്. കൂടാതെ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെയും പഠിത്തത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു. ഉരുളൻ വിര, കൊക്കപ്പുഴു, ചാട്ട വിര, കൃമി, നാടവിര എന്നിവയാണ് സാധാരണയായി കുടലിൽ കാണുന്ന വിരകൾ. ഇവ ശരീരത്തിൽ ലഭിക്കേണ്ട പോഷണം വലിച്ചെടുക്കുന്നതുമൂലം കുട്ടികൾക്ക് പോഷണവൈകല്യം, ക്ഷീണം എന്നിവയുണ്ടാകുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകുന്നു.
