കുടുംബശ്രീ തെരഞ്ഞെടുപ്പ് ജനുവരി 17 മുതൽ 20 വരെ


ആലപ്പുഴ :- കുടുംബശ്രീ ത്രിതല സംവിധാനത്തിന് ഇനി തിരഞ്ഞെടുപ്പുകാലം. 15-ന് വിജ്ഞാപനം പുറത്തിറക്കുന്നതോടെ നടപടി തുടങ്ങും. വോട്ടർപട്ടികയും അന്നു പ്രസിദ്ധീകരിക്കും. അയൽക്കൂട്ടം, എ.ഡി. എസ്, സി.ഡി.എസ് എന്നിങ്ങനെ മൂന്നു തലങ്ങളാണ് കുടുംബശ്രീക്ക്. ആറുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ അയൽക്കൂട്ടയോഗം ചേർന്ന് അധ്യക്ഷ യെ തിരഞ്ഞെടുക്കും. ഇത് 17 മുതൽ 20 വരെയാണ്. രണ്ടാംഘട്ടത്തിൽ അയൽക്കൂട്ട അധ്യക്ഷർക്കുള്ള പരിശീലനം 22 മുതൽ 28 വരെ നടക്കും. മൂന്നാംഘട്ടത്തിൽ മറ്റു ഭാരവാഹികളെ കണ്ടെത്താൻ 30 മുതൽ ഫെബ്രുവരി 11 വരെ അയൽക്കൂട്ട തിരഞ്ഞെടുപ്പ്.

നാലാംഘട്ടത്തിൽ എ.ഡി.എസ് (ഏരിയ ഡിവലപ്മെന്റ് സൊസൈറ്റി) തിരഞ്ഞെടുപ്പ് -ഫെബ്രുവരി ഏഴുമുതൽ 11 വരെ. അഞ്ചാംഘട്ടത്തിലെ സി.ഡി.എസ് (കമ്യൂണിറ്റി ഡിവലപ്മെന്റ് സൊസൈറ്റി) തിരഞ്ഞെടുപ്പ് ഫെബ്രുവരി 20-നാണ്. ആറാംഘട്ടത്തിൽ പുതിയ ഭരണ സമിതി ഫെബ്രുവരി 21-നു ചുമതലയേൽക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഫെബ്രുവരി 25 വരെയാണ്. ഒരുവർഷം മുൻപ് അവസാനിച്ചതാണെങ്കിലും വാർഡു വിഭജനവും തദ്ദേശ തിരഞ്ഞെടുപ്പും മൂലം കാലാവധി നീട്ടുകയായിരുന്നു. ശനിയാഴ്ചയ്ക്കു മുൻപ് തിരഞ്ഞെടുപ്പിനു യോഗ്യത നേടിയ അയൽക്കൂട്ടങ്ങളുടെ വിവരം എ.ഡി.എസ് മെംബർ സെക്രട്ടറിമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീ സിൽ എത്തിക്കണം. 

2024-25 വരെയുള്ള ഓഡിറ്റിങ് പൂർത്തിയാക്കി, അഫിലിയേഷൻ പുതുക്കിയ അയൽക്കൂട്ടങ്ങൾക്കേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകൂ. അയൽക്കൂട്ട അഫിലിയേഷൻ പൂർത്തിയായിട്ടുണ്ട്. തിരഞ്ഞെടുപ്പു ചുമതല കളക്ടർമാർക്കാണ്. 48 ലക്ഷത്തോളം സ്ത്രീകളുള്ള 3.17 ലക്ഷം അയൽക്കൂട്ടങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. 1,070 സി.ഡി.എസ്, 19,470 എ.ഡി.എസ് എന്നിവയുണ്ട്.

Previous Post Next Post