റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഇനി വാഹനങ്ങൾ തമ്മിൽ സംസാരിക്കും ; വെഹിക്കിൾ ടു വെഹിക്കിൾ വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി



ന്യൂഡൽഹി :- റോഡ് അപകടങ്ങൾ കുറയ്ക്കാൻ വാഹനങ്ങൾ തമ്മിൽ ആശയവിനിമയത്തിനുള്ള 'വി ടു വി' (വെഹിക്കിൾ ടു വെഹിക്കിൾ) സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഓരോ വർഷവും റോഡ് അപകടങ്ങളിൽ 1.80 ലക്ഷം ജീവനുകളാണു പൊലിയുന്നത്. ഇതിൽ 66% 18നും 34നും ഇടയിൽ പ്രായമുള്ളവരാണ്. സമീപമുള്ള വാഹനങ്ങളുടെ വേഗം, സ്‌ഥാനം, ചലനം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഡ്രൈവർക്കു മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സംവിധാനമാണ് വികസിപ്പിക്കുന്നത്. 80% റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി നിതിൻ ഗഡ്‌കരി പറഞ്ഞു.

ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേ ഇപ്പോൾ ഈ സംവിധാന മുള്ളൂ. പരിഷ്‌കാരം നടപ്പാക്കുന്നത് രാജ്യത്ത് റോഡ് സുരക്ഷയിൽ വലിയ പുരോഗതിയുണ്ടാക്കുമെന്നു ഗതാഗതമന്ത്രാലയ സെക്രട്ടറി വി.ഉമാശങ്കർ പറഞ്ഞു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് (ഓൺ-ബോർഡ് യൂണിറ്റ്) വിവരങ്ങൾ പരസ്‌പരം കൈമാറുക. ഓടുന്ന വാഹനങ്ങൾ തമ്മിൽ മാത്രമല്ല, നിർത്തിയിട്ട വാഹനത്തിനു പിന്നിൽ ഇടിക്കാതിരിക്കാനും വിവരക്കൈമാറ്റം സഹായിക്കും. വാഹനം ബ്രേക്കിടുമ്പോൾ അക്കാര്യം സമീപത്തെ വാഹനങ്ങളെ അറിയിക്കാനും സംവിധാനമുണ്ടാകും. അപകടസാധ്യതയുള്ള സ്ഥലങ്ങൾ സംബന്ധിച്ചും മുന്നറിയിപ്പു നൽകും.

മൊബൈൽ ടവറുകളുടെ സഹായമില്ലാതെയായിരിക്കും വിവരക്കൈമാറ്റം. ഇതിനായി ടെലി കമ്യൂണിക്കേഷൻ വകുപ്പ് സൗജന്യ സ്പെക്ട്രം അനുവദിക്കും. 30 മെഗാ ഹെർട്‌സ് (5.875- 5.905 - ഗിഗാ ഹെർട്‌സ്) ബാൻഡ് ആണ് അനുവദിക്കുക. ഉപകരണം വികസിപ്പിക്കാനായി കമ്പനികളുമായി ആശയവിനിമയം നടക്കുകയാണ്. ഇതു പൂർത്തിയായാൽ ഒരു വർഷത്തിനകം വാഹനങ്ങളിൽ ഘടിപ്പിക്കുന്നുവെന്നു ഗതാഗതമന്ത്രാലയം ഉറപ്പാക്കും. 5,000 രൂപ മുതൽ 7,000 രൂപ വില വരുമെന്നാണു കണക്കാക്കുന്നത്.


C C C

Previous Post Next Post