തിരുവനന്തപുരം :- ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൂടുതൽ അമൃത് ഭാരത് ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ. ഫ്രെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോൾ പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്യാനാണു സാധ്യത. 5 അമൃത് ഭാരത് ട്രെയിനുകളാണു റെയിൽവേ ബോർഡ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ 3 ട്രെയിനുകൾ കേരളത്തിനു ലഭിക്കുമെന്നാണു സൂചന. മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ചെന്നൈ (തിരുവനന്തപുരം, തിരുനെൽവേലി വഴി), ഹൈദരാബാദ്-തിരുവനന്തപുരം, മംഗളൂരു-ചെന്നൈ (ബെംഗളൂരു വഴി), ഹൈദരാബാദ്-നാഗർകോവിൽ (മധുര വഴി) റൂട്ടുകളിലാണ് അമൃത് ഭാരത് ട്രെയിനുകൾ ഓടിക്കുക.
സാധാരണക്കാരെ ലക്ഷ്യമിട്ട് സ്ലീപ്പറും ജനറൽ കോച്ചുകളും മാത്രമുള്ള ട്രെയിനുകളാണു അമൃത് ഭാരത് എക്സ്പ്രസുകൾ. ഭാവിയിൽ എസി കോച്ചുകളുമുണ്ടാകും. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയിൽവേ സ്റ്റേഷന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. റെയിൽവേ സ്‌റ്റേഷൻ നിർമാണത്തിനുള്ള കരാർ ഒരാഴ്ചയ്ക്കുള്ളിൽ ക്ഷണിക്കുമെന്നു റെയിൽവേ ഗതിശക്‌തി വിഭാഗം അറിയിച്ചു. 10 കോടി രൂപയാണു നിർമാണച്ചെലവ്.
