നൈപുണി പഠനത്തിന്റെ പുത്തന്‍ മാതൃകയുമായി ക്രിയേറ്റീവ് കോര്‍ണറുകള്‍

 


കണ്ണൂർ:- സ്കൂളുകളില്‍ കുട്ടികളുടെ നൈപുണി വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന ക്രിയേറ്റീവ് കോര്‍ണറുകള്‍ ജില്ലയില്‍ സജീവമാകുന്നു. ജില്ലയില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ അനുവദിച്ച 53 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി.വിനോദ് അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളുടെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളോടൊപ്പം പ്രവൃത്തി പഠനത്തെ സമന്വയിപ്പിച്ച് കൊണ്ട് പഠനത്തെ കൂടുതല്‍ പ്രവര്‍ത്തനാധിഷ്ഠിതവും സാമൂഹിക ബന്ധിതവും ക്രിയാത്മകവുമാക്കുകയാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ ലക്ഷ്യമിടുന്നത്. അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ തൊഴില്‍ നൈപുണി പരിചയപ്പെടുത്തുന്ന ഇത്തരം പദ്ധതികള്‍ പഠനാന്തരീക്ഷത്തെ കൂടുതല്‍ പുതുമയുള്ളതാക്കി മാറ്റും. പ്രൈമറി തലത്തില്‍ സ്വന്തം അഭിരുചി മേഖലയെ തിരിച്ചറിയാനും വികസിപ്പിക്കുവാനുമുള്ള അവസരമാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍ നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന ക്രിയേറ്റീവ് കോര്‍ണറുകള്‍ പ്രദേശത്തെ മറ്റ് പൊതു വിദ്യാലയങ്ങള്‍ക്കും പ്രയോജനപ്പെടുത്തുവാനുള്ള അവസരം കൂടിയുണ്ട്.

സ്‌കൂളുകളിലെ പ്രവര്‍ത്തി പരിചയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം ഉണ്ടാക്കാന്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ക്ക് സാധിക്കും. പ്രവര്‍ത്തി ചെയ്തു കൊണ്ടുള്ള പഠനം കുട്ടികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വിവിധ തൊഴിലുകളോടും തൊഴില്‍ ചെയ്യുന്നവരോടും ശരിയായ മനോഭാവം ഉണ്ടാകുകയും ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതി എന്ന സവിശേഷതകൂടി ഇതിനുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.എസ്.കെ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ600 യു.പിസ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കണ്ണൂര്‍ ഡി ഇ ഒ വി.ദീപ, ഡി.പി.ഒ ഡോ.പി.കെ സഭിത്ത് എന്നിവര്‍ സംസാരിച്ചു. ടി സൈനുദ്ദീന്‍, യു.സതീശന്‍, ജോതി റാം, അതുല്‍ കൃഷ്ണന്‍ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്കി.



Previous Post Next Post