ഭാരതീയനഗർ(കരിങ്കൽക്കുഴി):- സാധാരണക്കാരുടെ ജീവിതത്തിലെ നന്മതിന്മകൾക്ക് ചലച്ചിത്ര ഭാഷ്യം നൽകിയ ആളാണ് അന്തരിച്ച സിനിമാനടൻ ശ്രീനിവാസൻ എന്ന് പ്രശസ്ത കഥാകൃത്ത് വി.എസ് അനിൽകുമാർ പറഞ്ഞു.കെ.എസ് & എസി സംഘടിപ്പിച്ച ' ശ്രീനിഹാസം' ശ്രീനിവാസൻ അനുസ്മരണം പ്രവാസിഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻ്റെ ഓരോ സിനിമയും ഗൗരവമായ സാമൂഹ്യ ആകാംക്ഷകളും ഉത്ക്കണ്ഠകളും പങ്കു വെച്ചു. ഒരു സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് നിസാരമായ കാര്യമല്ല. ഇറക്കിയ കാശ് തിരിച്ചു കിട്ടാൻ എന്തു വൃത്തികേടും കുത്തി നിറയ്ക്കുന്ന കാലമാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 185 ഓളം സിനിമകളിൽ150 ഉം സാമ്പത്തിക നഷ്ടം വരുത്തി. 20 സിനിമകൾക്കാണ് ഇറക്കിയ പൈസ ലഭിച്ചത്. 10 എണ്ണം കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ കേവലം 5 സിനിമകൾ മാത്രമാണ് സാമ്പത്തിക ലാഭം ഉണ്ടാക്കിയത്. ആ അർഥത്തിൽ നഷ്ടത്തിലോടുന്ന കച്ചവടമാണ് സിനിമ. അവിടെയാണ് തൻ്റേതായ രീതിയിൽ ശ്രീനിവാസൻ സിനിമകളെ വിജയിപ്പിക്കുന്നത്.
അദ്ദേഹത്തിന് തുല്യം എം ടി മാത്രമാണ്. പരമ്പരാഗത പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായ കഥകളാണ് രണ്ടു പേരും സിനിമകൾക്ക് വേണ്ടി എഴുതിയത്. നിർമ്മാല്യവും വടക്കൻ വീരഗാഥയുമെല്ലാം എംടി എഴുതുമ്പോൾ ശ്രീനിവാസൻ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും എഴുതി. സാധാരണക്കാരായ മനുഷ്യരുടെ സ്നേഹം, കളവ്, പ്രണയം,കുശുമ്പ്, പാരവെപ്പുകൾ ഇതൊക്കെയാണ് സൂക്ഷ്മതയോടെയും ഗൗരവത്തോടെയും അദ്ദേഹം ആവിഷ്കരിച്ചത്. ചെറിയവരുടെ ലോകത്തെ, ഇല്ലായ്മകളുടെ ലോകത്തെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്.സാമ്പത്തികമായ ഇല്ലായ്മ മറ്റു പല ഇല്ലായ്മകളും ഉണ്ടാക്കും. ദാരിദ്ര്യത്തെക്കുറിച്ച് കൂടുതൽ കഥകൾ എഴുതിയത് തകഴിയാണ്. അദ്ദേഹത്തിൻ്റെ ഒരു കഥാപാത്രം പറയുന്നുണ്ട്.
'ഉറങ്ങിയാൽ നന്നായിരുന്നു. കാരണം ഉറങ്ങുമ്പോൾ വിശപ്പറിയില്ലല്ലോ' എന്ന്. ശ്രീനിവാസൻ്റെ കഥകളിൽ ദാരിദ്ര്യമാണ് എഴുന്നു നിൽക്കുന്നത്. മോഹൻലാൽ എന്ന നടൻ്റെ ഏറ്റവും മികച്ച വേഷങ്ങൾ അദ്ദേഹത്തിൻ്റേതാണ്.ജീവിതത്തിൻ്റെ വിഷമങ്ങളിൽ പെട്ടുഴലുകയും അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കൂടുതൽ കുരുക്കുകളിലകപ്പെടുകയും ചെയ്യുന്ന നായക കഥാപാത്രങ്ങൾ. ആ സിനിമകളിൽ 'അതിതാരത്വം'ഇല്ല. നായകൻമാരുടെ മഹാവിജയങ്ങളിലല്ല സിനിമകൾ അവസാനിക്കുക. പല സിനിമകളും അതിമാനുഷിക നായകൻമാരുടെ മഹാവിജയങ്ങളിൽ അവസാനിക്കുമ്പോൾ ശ്രീനിവാസൻ്റെ നായകൻമാർ കുഞ്ഞു വിജയങ്ങളിൽ സന്തോഷിക്കുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ 10 പവൻ കൊടുത്തു പറ്റിച്ചതാണ് വിജയം. വടക്കു നോക്കിയന്ത്രത്തിൻ്റെ പരസ്യം പത്രങ്ങളിൽ വന്നത് ഇങ്ങനെയാണ് 'ലോക ചരിത്രത്തിൽ ആദ്യമായി തളത്തിൽ ദിനേശൻ്റെ കഥ വെള്ളിത്തിരയിൽ '. അത്തരം ദിനേശൻമാരാണ് ശ്രീനിവാസൻ്റെ കഥാപാത്രങ്ങൾ. എന്താണ് ചുറ്റും സംഭവിക്കുന്നത് എന്താണ് സൂഷ്മമായി നിരീക്ഷിച്ച് അവ സിനിമയിൽ കൊണ്ടുവരുന്നു.കേസരി ബാലകൃഷ്ണപ്പിള്ള നർമ്മവും സംഗീതവുമാണ് മലയാളികൾക്ക് ഏറ്റവും പ്രിയതരമായത് എന്ന് നിരീക്ഷിക്കുന്നുണ്ട്.കുഞ്ചൻ നമ്പ്യാരെയും ചങ്ങമ്പുഴയെയും ഇഷ്ടപ്പെടാനതാണ് കാരണം.
കുഞ്ചൻ നമ്പ്യാർ ധീരനായ എഴുത്തുകാരനാണ്.നല്ല മലയാളത്തിലാണ് അദ്ദേഹം തുള്ളൽ കൃതികൾ എഴുതിയത്. ഒരർഥത്തിൽ മലയാള ഭാഷാപിതാവ് ആകേണ്ടത് എഴുത്തച്ഛനല്ല.അധികാരത്തിൻ്റെ അഹങ്കാരം കാണിക്കുന്നവരെ വിമർശിക്കാനുള്ള ധീരതയാണ് കുഞ്ചൻ നമ്പ്യാർ കാട്ടിയത്. ഈ ധൈര്യത്തിൻ്റെ തുടർച്ചയാണ് ശ്രീനിവാസൻ. തോലൻ,സഞ്ജയൻ, വി കെ എൻ തുടങ്ങിയവരുടെ നിരയിൽ ചലച്ചിത്രത്തിൽ ശ്രീനിവാസനാണ് അവകാശി. അദ്ദേഹം ചിരിപ്പിക്കുന്നത് ചിന്തിക്കാൻ വേണ്ടിയാണ്.
സാമൂഹ്യ പ്രതിബദ്ധത എന്ന വാക്ക് ഇന്ന് എവിടെയും കാണില്ല. എഴുത്തുകാരൻ ആരുടെ പക്ഷത്ത് എന്ന ചോദ്യത്തിന് എഴുത്തുകാർ ഗവൺമെൻ്റിൻ്റെ കൂടെ നിൽക്കണം എന്ന് പറഞ്ഞ മഹാസാഹിത്യകാരൻമാർ ഉള്ള നാടാണിത്.കലാകാരൻ എപ്പോഴും പ്രതിപക്ഷത്തായിരിക്കണം. വിമർശനം എഴുത്തുകാരൻ്റെ അവകാശവും ഉത്തരവാദിത്തവുമാണ്.
'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്നത് ഒരു സിനിമാ ഡയലോഗ് മാത്രമല്ല ഒരു പഴഞ്ചൊല്ല് എന്ന നിലയിലാണതിന് സ്ഥാനം. അത്തരം നിരവധി പ്രയോഗങ്ങളിലൂടെ അദ്ദേഹം ഭാഷയെ സമ്പന്നമാക്കി. ഉദയനാണ് താരം സിനിമയിലെ 'അതിതാരത്വത്തെ ' തകർക്കുന്നതായിരുന്നു. അതു വരെ സിനിമയെ കുറിച്ചുണ്ടായിരുന്ന ധാരണകൾ അപ്പാടെ പൊളിച്ചു. വിപരീതത്വവും വിമർശനാത്മകതയും വിരുദ്ധതയായി രാഷ്ട്രീയ പാർട്ടികൾ കാണുന്ന കാലമാണിത്. എതിരഭിപ്രായം പറയുന്നവരെ വിരുദ്ധനെന്ന സീൽ വെച്ച് ഒതുക്കുകയാണ്.
ദൈവവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ദൈവമുണ്ടോ എന്നെനിക്കറിയില്ല ഇല്ലാതിരിക്കുന്നതാണ് ദൈവത്തിൻ്റെ അന്തസിന് നല്ലത് എന്ന് കുറിക്കുകൊള്ളുന്ന ഉത്തരമാണ് ശ്രീനിവാസൻ പറയുന്നത്.നിരന്തരമായി ഉണർന്നിരിക്കുകയും പഠിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും പരിഹസിക്കുകയും സാമൂഹ്യ വിമർശനങ്ങൾ നടത്തുകയും ചെയ്ത കലാകാരനാണ് ശ്രീനിവാസൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശൻ നണിയൂർ അധ്യക്ഷനായി. വി.വി. ശ്രീനിവാസൻ, ഷീല നമ്പ്രം എ. ഭാസ്കരൻ, വിജേഷ് നണിയൂർ എന്നിവർ സംസാരിച്ചു.
.

