സ്മാര്‍ട്ടായി മോട്ടോര്‍ വാഹന വകുപ്പ് ; ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഉടന്‍ ലൈസന്‍സ് ലഭിക്കും


തിരുവനന്തപുരം :- ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കി ഫലം വരാൻ കാത്തുനിൽക്കുന്ന ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത. ടെസ്റ്റ് പാസാകുന്നവർക്ക് തത്സമയം തന്നെ ലൈസൻസ് ലഭ്യമാക്കുന്ന പുതിയ സംവിധാനം മോട്ടോർ വാഹന വകുപ്പ് (MVD) ഉടൻ നടപ്പാക്കുന്നു. ടെസ്റ്റ് ഗ്രൗണ്ടിൽ വച്ചുതന്നെ ഫലം രേഖപ്പെടുത്തി ലൈസൻസ് അനുവദിക്കുന്ന രീതിയിലേക്കാണ് മാറ്റം വരുന്നത്.

പരിശോധന ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ വച്ചുതന്നെ 'സാരഥി' സോഫ്റ്റ്വെയറിൽ ഫലം അ‌പ്ലോഡ് ചെയ്യും. ഇതോടെ ടെസ്റ്റ് കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ലൈസൻസ് നടപടികൾ പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായി വെഹിക്കിൾ ഇൻസ്പെക്ടർമാർക്കായി 294 ലാപ്ടോപ്പുകൾ വാങ്ങാൻ സർക്കാർ 1.5 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. നിലവിൽ ടെസ്റ്റ് കഴിഞ്ഞ് ഉദ്യോഗസ്ഥർ ഓഫിസിൽ തിരിച്ചെത്തിയ ശേഷമാണ് ഡാറ്റാ എൻട്രി നടക്കുന്നത്. ഇത് പലപ്പോഴും വൈകാറുണ്ട്. പുതിയ സംവിധാനത്തോടെ ഈ കാത്തിരിപ്പ് ഒഴിവാകും.

മുൻപ് കാർഡുകൾ അച്ചടിച്ച് കിട്ടാൻ മാസങ്ങൾ എടുത്തിരുന്ന സാഹചര്യം ഒഴിവാക്കാൻ ഡിജിറ്റൽ പകർപ്പുകൾക്ക് മുൻഗണന നൽകുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. ഇതിന്റെ തുടർച്ചയായാണ് തത്സമയ ലൈസൻസ് പദ്ധതി. നിലവിലെ സംവിധാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുമാണ് ഈ പരിഷ്കാരത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.

Previous Post Next Post