ഇരിട്ടി അയ്യൻകുന്നിൽ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി


കണ്ണൂർ :- ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ സ്വകാര്യ വ്യക്തി നടത്തുന്ന ഫാമിൽ കയറി നാലു പശുക്കളെ കടിച്ചു കാന്ന കടുവ വനംവകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി പതിനൊന്നരയോടെ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

ഇതോടെഅയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവിൽ നാലു പശുക്കളെ കടിച്ചു കൊന്ന അജ്ഞാത വന്യജീവി കടുവ തന്നെയാണെന്ന് നാട്ടുകാർ പറഞ്ഞത് യാഥാർത്ഥ്യമായിരിക്കുകയാണ്. പാലത്തുംകടവിലെ പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് കടുവ കടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.

പശുക്കളെ കൊലപ്പെടുത്തിയത് കടുവ തന്നെയാണെന്ന് ഫാം ഉടമ രാകേഷും പ്രദേശവാസികളും 'വനം വകുപ്പിനോട് പറഞ്ഞിരുന്നു. വൃക്കരോഗിയായ രാകേഷിന്റെ ഏകഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിച്ചു.

രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും കടുവ പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു. പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡൻ്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡൻ്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.

രാകേഷിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വയനാട് വന്യജീവി കേന്ദ്രത്തിൽ നിന്നാണ് കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയതെന്നാണ് സൂചന. മേപ്പാടിയിലെ തേയില തോട്ടത്തിൽ നിന്നും മധ്യവയസ്‌കനെ കടുവ കടിച്ചു കൊന്നിരുന്നു. വയനാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കടുവയുടെ സാന്നിദ്ധ്യം ശക്തമാണ്.

Previous Post Next Post