പഴയങ്ങാടി :- പിലാത്തറ പാപ്പിനിശേരി കെഎസ്ടി റോഡ് നവീകരണത്തിനിടെ ഒന്നാഘട്ടമായ ബിഎം നിലവാരത്തിലുളള ടാറിങ് (ബിറ്റുമിൻ മിശ്രിതം) ഇളകുന്നതായി പരാതി. രാമപുരം കൊത്തിക്കുഴിച്ച പാറ റോഡിലാണ് ബിഎം നിലവാരത്തിലുളള ടാറിങ് ഇളകിയത്. നേരത്തേ ഇവിടെ ടാറിങ് ഇളകിയതുകൊണ്ട് രണ്ടാമതും ടാറിങ് ചെയ്ത സ്ഥലത്താണ് ഇളകിയത്. 18 കോടി രൂപ ചെലവിലാണ് കെഎസ്‌ടിപി റോഡ് നവീകരണം നടത്തുന്നത്.
റോഡിലെ പൊടിയും അഴുക്കും നീക്കം ചെയ്ത് കുഴിഅടച്ച് നിരപ്പാക്കിയ ശേഷം ടാക്ക് കോട്ട് (ടാറിങ് റോഡുമായി ഒട്ടിപിടിക്കാൻ) അടിച്ചതിനു ശേഷമാണ് ബിഎം നിലവാരത്തിലുള്ള ടാറിങ് ചെയ്യേണ്ടത്. ബിറ്റുമിൻ മിശ്രിതം പ്ലാന്റിൽ നിന്ന് കൊണ്ടുവന്ന് റോഡിൽ നിരത്തുമ്പോൾ നിശ്ചിത താപനില ഉറപ്പുവരുത്തേണ്ടതാണ്. എസ്റ്റിമേറ്റിൽ പറഞ്ഞ കനത്തിൽ തന്നെ ടാറിങ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം, ടാറിങ് മിനുക്കൽ കഴിഞ്ഞതിന് ശേഷം 10 മണിക്കൂർ സമയം ഇതിലൂടെ വാഹനങ്ങൾ കയറ്റാതിരിക്കാൻ ശ്രദ്ധവേണം. ഇതിന് ശേഷം രണ്ടാം ഘട്ടമായ ബിസി നിലവാരത്തിലുളള ടാറിങ് സമാന മാനദണ്ഡം പാലിച്ചാണ് നടത്തേണ്ടത്.
