കൊല്ലൂർ മൂകാംബിക ക്ഷേത്രം മഹാരഥോത്സവം മാർച്ച് 12 ന്


മംഗളൂരു :- കൊല്ലൂർ മൂകാംബിക ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ മഹാരഥംവലി മാർച്ച് 12 ന് വൈകുന്നേരം 5 മണിക്ക് നടക്കും. പത്തുദിവസം നീളുന്ന മഹാരഥോത്സവ ചടങ്ങുകൾ മാർച്ച് 5 ന് തുടങ്ങും. മാർച്ച് 14 വരെ നടക്കുന്ന ചടങ്ങുകൾക്ക് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗ കാർമികത്വം വഹിക്കും. മാർച്ച് 5 ന്  രാവിലെ 7.30 ന് കൊടിയേറ്റം, മാർച്ച് 6 മുതൽ 10 വരെ ഓരോ ദിവസങ്ങളിലായി രാത്രി 9 മണിക്ക് മയൂരാരോഹണോത്സവം, ദോലാ രോഹണോത്സവം, പുഷ്പ മണ്ഡപാരോഹണോത്സവം, വൃഷഭാരോഹണോത്സവം, ഗജാരോഹണോത്സവം എന്നിവ നടക്കും.

മാർച്ച് 11 ന് രാത്രി 7.30 ന് ഹിരേരംഗപൂജ, 9 മണിക്ക് സിംഹാരോഹണോത്സവം എന്നിവയും നടക്കും. മാർച്ച് 12 ന് രാവിലെ 9.30 ന് മഹാരഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക്  രഥാരോഹണവും വൈകുന്നേരം 5 മണിയോടെ മഹാരഥോത്സവവും നടക്കും. ക്ഷേത്രത്തിനു പുറത്തുള്ള വീഥിയിൽ വലിയ രഥം വലിക്കുന്ന ചടങ്ങാണിത്. മാർച്ച് 13 ന് രാത്രി 7 മണിക്ക് ഒക്കൂളി, മാർച്ച് 14 ന് രാവിലെ 7.30-ന് അശ്വാ രോഹണോത്സവം. 8.30 ന് പൂർണകുംഭാഭിഷേകം. 9.30 ന് പ്രസാദവിതരണത്തോടെ മഹാരഥോത്സവത്തിന് സമാപനമാകും.

Previous Post Next Post