മെഡിസെപ്പിലുള്ളത് സംസ്ഥാനത്തെ 570 ആശുപത്രികൾ


തിരുവനന്തപുരം :- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ 570 ആശുപത്രികൾ ഇതുവരെ എംപാനൽ ചെയ്തു. ഇതിൽ 422 സ്വകാര്യ ആശുപത്രികളും 145 സർക്കാർ ആശുപത്രികളുമാണുള്ളത്. സംസ്ഥാനത്തിനു പുറത്തുള്ള 3 സ്വകാര്യ ആശുപത്രികളുമുണ്ട്. കൂടുതൽ ആശുപത്രികളെ ചേർക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം 1 ന് ആരംഭിച്ച രണ്ടാംഘട്ട പദ്ധതിയുടെ കാലാവധി 2 വർഷമാണ്. ഒന്നാംഘട്ടത്തിൽ 713 ആശുപത്രികൾ ഉണ്ടായിരുന്നു. പദ്ധതി നടത്തിപ്പുകാരായ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിക്കാണ് ആശുപത്രികളെ എംപാനൽ ചെയ്യാനുള്ള ചുമതല. മെഡിസെപ് ഒന്നാംഘട്ടത്തെ ക്കാൾ മികച്ച ചികിത്സാ പാക്കേജും നിരക്കുമാണ് ഇപ്പോഴുള്ളത്. പ്രതിദിന മുറിവാടക 2000 രൂപയിൽ നിന്ന് 5000 ആയി ഉയർത്തിയിട്ടുണ്ട്.

ഇതിനിടെ മെഡിസെപ്പിന് എതിരെ വൻകിട ആശുപത്രികളും സ്വകാര്യ ഇൻഷുറൻസ് കമ്പനികളും നീങ്ങുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 11 ലക്ഷം പേരാണ് മെഡിസെപ് പോളിസി ഉടമകൾ. ഇവരും കുടുംബാംഗങ്ങളും ഉൾപ്പെടെ 31.39 ലക്ഷം പേർക്കു കവറേജ് ലഭിക്കും. മാസവരുമാനമുള്ള ഇത്രയും പേർക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്നതു സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ബിസിനസിനെ ബാധിക്കും. മെഡിസെപ്പ് നിരക്കുകൾ ഉയർന്നതാണെങ്കിലും വൻകിട ആശുപത്രികൾ ഈടാക്കുന്ന നിരക്കിനോളം വരില്ല. അതിനാലാണ് അത്തരം മാനേജ്മെന്റുകൾ മെഡിസെപ്പിൽ ചേരാൻ മടിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

Previous Post Next Post