15 ദിവസത്തിനിടെ എത്തിയത് 10 ലക്ഷത്തിലധികം പേർ ; കേരള കുംഭമേള സമാപിച്ചു


മലപ്പുറം :- തിരുനാവായിൽ നടന്നുവന്ന കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മാഘമഹ മഹോത്സവം സമാപിച്ചു. മഹോത്സവത്തിന്റെ പരിസമാപ്തി കുറിച്ച് ലക്ഷദീപം സമർപ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി ഡോ നിത്യാനന്ദ അഡിഗ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് താനൂർ മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008  അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിയ്ക്ക് ശേഷം തവനൂരിലെ നിളാ നദിക്കര ശുചീകരണ യജ്ഞവും അമല ഭാരതം പദ്ധതിയുടെ ഭാഗമായി നടന്നു.

മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേർന്നു. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉത്ഘാടനം ചെയ്തത്. 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഈ വർഷം കേരള കുംഭമേള നടത്തിയത്. 10 ലക്ഷത്തിലധികം ഭക്തരാണ് 15 ദിവസം നീണ്ട ഉത്സവത്തിന് എത്തിയത്. പണ്ട് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. പതിറ്റാണ്ടുകളായി നിലച്ചു പോയിരുന്ന ഉത്സവം ഒരു ആരംഭിക്കാൻ 2016 മുതലാണ് ഒരുക്കങ്ങൾ തുടങ്ങിയത്.

Previous Post Next Post