മലബാറിലെ യാത്രക്കാർക്ക് ആശ്വാസം ; മംഗളുരൂ-രാമേശ്വരം, താംബരം പ്രതിവാര ട്രെയിൻ സർവീസ് മാർച്ച് 1 മുതൽ


കണ്ണൂർ :- മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കോഴിക്കോടുവഴി തമിഴ്‌നാട്ടിലേക്ക് രണ്ട് പ്രതിവാര എക്സ്‌പ്രസ് ട്രെയിനുകൾകൂടി വരുന്നു. മംഗളുരൂ-രാമേശ്വരം എക്സ്‌പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസുമാണ് മാർച്ച് ഒന്നിന് മധുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പുതിയവണ്ടികളുടെ സമയപ്പട്ടിക നിശ്ചയിച്ചിട്ടില്ല. രണ്ടും പ്രതിവാരവണ്ടികളായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. രാമേശ്വരം വണ്ടി കണ്ണൂർ, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തെത്തുക.

മംഗളൂരു-താംബരം എക്സ്പ്രസിൽ എട്ട് സ്ലീവർ കോച്ചും എട്ട് ജനറൽ കമ്പാർട്ട്മെന്റുമാണുണ്ടാവുക. ഉത്തര കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും തീർഥാടകർക്കും പ്രയോജനകരമായ തീവണ്ടികളാണിവ. രാമേശ്വരം, ഏർവാടി, വേളാങ്കണ്ണി, നാഗൂർ, തഞ്ചാവൂർ, ശ്രീരംഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മലബാറിൽ നിന്ന് ധാരാളം യാത്രക്കാരുണ്ട്. മലബാറിൽ നിന്ന് ഇതാദ്യമായാണ് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ ലഭിക്കുന്നത്. വന്ദേഭാരതിനും നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് പ്രതിവാര എക്സ്പ്രസിനും പിന്നാലെ മലബാറിനുകിട്ടുന്ന ട്രെയിനുകളെ യാത്രക്കാർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Previous Post Next Post